23 ലക്ഷം രൂപ നല്കി വാങ്ങിയ അത്യപൂര്വ ഇനം കറുത്ത കുതിര ഒന്നു കുളിച്ചപ്പോള് ആളാകെ മാറിയതിന്റെ ഞെട്ടലിലാണ് രമേഷ് സിംഗ് എന്നയാള്.
മാര്വാനി ഇനത്തില്പ്പെട്ട അത്യപൂര്വമായ കറുത്ത കുതിരയെ കണ്ടയുടന് 23 ലക്ഷം രൂപ നല്കി രമേഷ് വാങ്ങുകയായിരുന്നു.
പക്ഷേ വീട്ടിലെത്തി കുളിപ്പിച്ചപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം രമേഷ് അറിയുന്നത്. വെള്ളം വീണതോടെ കുതിരയുടെ ശരീരത്തിലടിച്ച കറുത്ത പെയിന്റ് ഇളകി. തവിട്ടു നിറത്തിലുള്ള നാടന് കുതിര മുന്നില്.
പഞ്ചാബിലെ സംഗ്രുര് ജില്ലയിലെ സുനം പട്ടണത്തില് തുണിക്കട നടത്തുന്ന രമേഷ് സിങ് ഫാം നടത്തുന്നതിനായാണ് കുതിരയെ വാങ്ങിയത്.
അപൂര്വ ഇനത്തില്പ്പെട്ട കുതിരയുടെ ഫാം തുടങ്ങുന്നതിനുവേണ്ടിയാണ് കറുത്ത കുതിരയെ തന്നെ വാങ്ങിയത്.
കുതിരയ്ക്ക് അപൂര്മായി മാത്രമാണ് കറുത്ത നിറം വരാറുള്ളത് അതിനാലാണ് ഇത്ര വലിയ തുകയ്ക്ക് കുതിരയെ വാങ്ങാന് രമേഷ് തയാറായത്.
കുതിരയുടെ വിപണി വിലവച്ച് മറിച്ചുവിറ്റാല് അഞ്ചു ലക്ഷം രൂപ ലാഭം കിട്ടും. 7.6 ലക്ഷം രൂപ പണമായും ബാക്കി തുക ചെക്കായും നല്കിയാണ് കുതിരയെ വാങ്ങിയത്.
കബളിപ്പിക്കപ്പെട്ടതായി മനസിലായതോടെ രമേഷ് പരാതിയുമായി പൊലീസിനെ സമീപിച്ചു. കുതിരയെ വില്പന നടത്തുന്ന ജതീന്ദര് പാല് സിംഗ് സെഖോണ്, ലഖ്വീന്ദര് സിംഗ്, ലച്റാ ഖാന് എന്നിവരാണ് തനിക്ക് കുതിരയെ നല്കിയതെന്ന് രമേശ് കുമാര് പോലീസിനോട് പറഞ്ഞു.
പ്രതികള്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണത്തില് സമാനമായ മറ്റു തട്ടിപ്പുകഥകളും പുറത്തുവന്നു.
വാസു ശര്മ എന്നൊരാള് 37 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഒരു മാര്വാരി കുതിരയും ഒരു പന്തയക്കുതിരയുമാണ് കുളികഴിഞ്ഞപ്പോള് നാടന് കുതിരയായി മാറിയത്.