ആലപ്പുഴ: കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ സ്ഥാപകനും മുഖ്യരക്ഷാധികാരിയുമായ നടൻ മമ്മൂട്ടിയുടെ ജന്മദിന സമ്മാനമായി കുട്ടികൾക്കു സൈക്കിൾ.
പ്രകൃതി സൗഹൃദ സഞ്ചാരസൗകര്യമൊരുക്കി 100 സൈക്കിളാണ് കുട്ടികൾക്ക് ഫൗണ്ടേഷൻ സമ്മാനിച്ചത്. കോലഞ്ചേരി സിന്തൈറ്റ് ഗ്രൂപ്പിന്റെ സഹകരണത്തിൽ സംസ്ഥാനമെമ്പാടുമുള്ള തീരദേശങ്ങളിലെയും ആദിവാസി ഗ്രാമങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് സൈക്കിൾ ലഭിക്കുക.
വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ആലപ്പുഴയിൽ നിർവഹിച്ചു.
ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. ആലപ്പുഴ രൂപത പിആർഒയും റേഡിയോ നെയ്തൽ ഡയറക്ടറുമായ ഫാ. സേവ്യർ കുടിയാംശേരി, സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഇബ്രാഹിംകുട്ടി വിളക്കേഴം, പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ഫ്രാൻസിസ് കൊടിയനാട്, പഞ്ചായത്തംഗം ഷിനോയ്, വാഹിദ് മാവുങ്കൽ, പ്രൊജക്ട് ഓഫീസർ അജ്മൽ ചക്കരപ്പാടം എന്നിവർ പങ്കെടുത്തു.