മേലൂർ: പോസ്റ്ററുകൾ കീറികളഞ്ഞ് രാഷ്ട്രീയ സംഘർഷങ്ങൾക്ക് സാധ്യതയൊരുക്കുന്ന ‘വില്ലനെ’കണ്ടെത്തി.
രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകൾ കീറിക്കളഞ്ഞതിന്റെ പേരിൽ സംഘർഷങ്ങൾ നടക്കുന്ന പൂലാനിയിലാണ് സംഭവം.
രാത്രിയിൽ മതിലുകളിൽ പോസ്റ്ററുകൾ ഒട്ടിച്ച് രാവിലെ നോക്കുന്പോൾ പോസ്റ്ററിന്റെ പല ഭാഗങ്ങളും നിരത്തി പിടിച്ച് കീറിയ നിലയിലായിരിക്കും.
മറ്റു പാർട്ടിക്കാരായിരിക്കും ഇതിനു പിന്നിലെന്ന് അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതല്ലാതെ തെളിവുകൾ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം പ്രഭാതനടത്തത്തിന് ഇറങ്ങിയ ആളാണ് പോസ്റ്ററുകൾ നശിപ്പിക്കുന്ന വിരുതനെ തിരിച്ചറിഞ്ഞത്.
പ്രദേശത്ത് ആകെ വ്യാപിച്ചിട്ടുള്ള ആഫ്രിക്കൻ ഒച്ചുകളാണ് കഥയിലെ വില്ലനെന്ന് കണ്ടെത്തി. പശയ്ക്കായ് ഉപയോഗിക്കുന്ന മൈദമാവിനെ തേടിയെത്തിയ ഒച്ചുകളാണ് പോസ്റ്ററുകൾ തിന്നുതീർക്കുന്നത്.
യഥാർഥ കുറ്റവാളിയെ കണ്ടുപിടിച്ചതു കൊണ്ടുതന്നെ ഒരു രാഷ്ട്രീയസംഘർഷം ഒഴിവായതിന്റ ആശ്വാസത്തിലാണ് നാട്ടുകാർ.