കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിവാഹിതനൊപ്പം ഒളിച്ചോടിയതിനു താലിബാൻ കല്ലെറിഞ്ഞു കൊല്ലാൻ തീരുമാനിച്ച യുവതി ജീവനൊടുക്കി. ഘോർ പ്രവിശ്യയിലാണു സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യുവതിയുടെ ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പൊതുജനമധ്യത്തിൽ അവഹേളിക്കപ്പെടുന്നതൊഴിവാക്കാൻ യുവതി ജീവനൊടുക്കുകയായിരുന്നു.
യുവതിക്കൊപ്പം ഒളിച്ചോടിയ വിവാഹിതന്റെ വധശിക്ഷ കഴിഞ്ഞ വ്യാഴാഴ്ച നടപ്പാക്കിയെന്നു ഖാമാ പ്രസ് അറിയിച്ചു.
സ്ത്രീകളുടെ ജയിൽ ഇല്ലാത്തതുമൂലമാണു കല്ലെറിഞ്ഞു കൊല്ലാൻ തീരുമാനിച്ചതെന്നു ഘോർ പ്രവിശ്യയിലെ താലിബാൻ പോലീസ് തലവൻ അബ്ദുൾ റഹ്മാൻ പറഞ്ഞു.
സ്ത്രീകൾ വീടുവിട്ടുപോകുന്നത് ഈയിടെയായി രാജ്യത്തു വർധിച്ചിരിക്കുകയാണ്. ഇങ്ങനെ പോകുന്നവരെ പൊതുസ്ഥലത്ത് ചാട്ടവാറടിക്കു വിധേയരാക്കുകയോ കല്ലെറിഞ്ഞു കൊല്ലുകയോ ആണു ചെയ്യുന്നത്.
കഴിഞ്ഞ വർഷം താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചശേഷം സ്ത്രീകളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുകയാണ്. ആറാം ഗ്രേഡിനു ശേഷം പെണ്‍കുട്ടികൾക്കു സ്കൂളിൽ പോകാനാവില്ല.
ആയിരക്കണക്കിനു സ്ത്രീകളെ ജോലിസ്ഥലങ്ങളിൽനിന്ന് ഒഴിവാക്കി. മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 80 ശതമാനം സ്ത്രീകൾക്കും ജോലി നഷ്ടമായി.
1.8 കോടി സ്ത്രീകൾ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികാവകാശം എന്നിവയിൽ വിവേചനം നേരിടുന്നു.