കൊച്ചി: നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിനും സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിക്കുമെതിരേ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പടവെട്ട്’ സിനിമയുടെ സംവിധായകന് ലിജു കൃഷ്ണ പരാതി നല്കി.
സിനിമയിലെ സംഘടനകള്‍ക്കാണ് അദ്ദേഹം പരാതി നല്‍കിയത്. കഴിഞ്ഞ കുറച്ചു നാളുകളായി ഗീതു മോഹന്‍ദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്ന് ലിജു വാർത്താസമ്മേളനത്തില്‍ ആരോപിച്ചു.
‘പടവെട്ടി’ന്റെ രചനകൂടി നിര്‍വഹിച്ച ലിജു ഒരിക്കല്‍ ചിത്രത്തിന്റെ കഥ ഗീതു മോഹന്‍ദാസിനോട് പറഞ്ഞു. കഥയില്‍ ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടെങ്കിലും താനത് അനുസരിച്ചില്ല.
പിന്നീട് കോവിഡ് പ്രതിസന്ധിയിലായ സിനിമയ്ക്ക് നിര്‍മാണ സഹായത്തിന് ആളുണ്ടെന്നു പറഞ്ഞു ഗീതു സമീപിച്ചു.
സിനിമയുടെ പ്രിവ്യൂ കാണിക്കേണ്ടി വന്നപ്പോഴും തിരുത്തല്‍ ആവശ്യപ്പെട്ടു. അനുസരിക്കാതെ നിന്നപ്പോള്‍ സിനിമയുടെ ഭാഗമല്ലാത്ത ഇവര്‍ സിനിമയ്ക്കെതിരേ നിരന്തരമായി മോശം പ്രചാരണം നടത്തിയെന്നും ലിജു ആരോപിച്ചു.
പിന്നീട് തനിക്കെതിരേ ഉണ്ടായ ഒരു കേസുയര്ത്തിയും തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു.
തനിക്കെതിരേ ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്റെ പേരുപോലും സിനിമയില്‍ നിന്നു മായ്ക്കാനുള്ള ശ്രമം ഗീതു മോഹന്‍ദാസ് നടത്തിയതായും ലിജു പറഞ്ഞു.