കൊച്ചി: പോലീസിന്റെ കര്‍ശന നിരീക്ഷണത്തിനിടയിലും കൊച്ചി നഗരത്തില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നു. ഓഗസ്റ്റ് രണ്ടാംവാരം തുടങ്ങി ഒടുവില്‍ കഴിഞ്ഞ ദിവസം കടവന്ത്രയിലെ കൊലപാതകത്തിലെത്തി നില്ക്കുമ്പോള് പോലീസും പകച്ചുനില്‍ക്കുകയാണ് .
അടിക്കടിയുള്ള കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ രാത്രിയിലടക്കം കര്‍ശന പരിശോധനകളും വാടകയ്ക്ക് നല്കുന്ന വീടുകളിലും ഫ്ലാറ്റുകളിലും മറ്റും കൃത്യമായ വിവര ശേഖരണവുമടക്കം പോലീസ് ഒരുവശത്തുകൂടി മുന്നോട്ട് നീങ്ങുമ്പോഴാണ് മറുവശത്ത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത്.
കഴിഞ്ഞ രണ്ടര മാസത്തിനുള്ളിൽ കൊച്ചി നഗരം കേന്ദ്രീകരിച്ച് എട്ടു കൊലപാതകങ്ങളാണ് നടന്നത്.
ആറ് കേസുകളില്‍ പോലീസിന് പ്രതികളെ പിടികൂടാനായി. ലഹരിയും വാക്കുതര്ക്കവുമൊക്കെയാണ് ഒട്ടുമിക്ക സംഭവങ്ങള്‍ക്കും പിന്നില്‍.
കേസുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാനുള്ള പദ്ധതികളൊരുക്കുകയാണ് പോലീസ്.
കൊന്നുതള്ളിയത് എട്ടുപേരെ
ഓഗസ്റ്റ് 10ന് രാത്രി ഒമ്പതിന് എറണാകുളം നോര്‍ത്തിലെ ഹോട്ടലിലായിരുന്നു നഗരത്തിലെ ആദ്യ കൊലപാതകം.
കടയില്‍ കഴിക്കാനെത്തിയ രണ്ട് പേര് തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
കൊല്ലം സ്വദേശി എഡിസണ് എന്നയാളെ മുളവുകാട് സ്വദേശി സുരേഷ് ആണ് കുപ്പികൊണ്ട് കുത്തി കൊലപ്പെടുത്തിയത്.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുരേഷിനെ ഇനിയും പിടികൂടാനായിട്ടില്ല. രണ്ടാമത്തെ കൊലപാതകം നടന്നത് 14ന് പുലര്‍ച്ചെ 2.30ന്.
എറണാകുളം സൗത്തില്‍ ട്രാന്‍സ്ജെന്‍ഡറുമായി സംസാരിച്ചു നിന്ന വരാപ്പുഴ സ്വദേശി ശ്യാം ശിവാനന്ദനെ വാക്കുതര്‍ക്കത്തിനിടെ നെട്ടൂര്‍ സ്വദേശി ഹര്‍ഷാദ് കത്തിക്കു കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായിരുന്നു.
നഗരത്തെ ഞെട്ടിച്ച് 17 ന് മൂന്നാമത്തെ കൊലപാതകം നടന്നു. കാക്കനാട് ഫ്ളാറ്റില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവാക്കളില്‍ രണ്ടുപേര്‍ ലഹരിയുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കോഴിക്കോട് സ്വദേശി അര്‍ഷാദ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാനൊരുങ്ങിയ അര്‍ഷാദിനെ പോലീസ് മഞ്ചേശ്വരത്തുനിന്നു പിടികൂടി. 28 ന് നാലാമത്തെ കൊലപാതകം നെട്ടൂരില്‍.
പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.പച്ചക്കറി മാര്‍ക്കറ്റിനു സമീപം ഭാര്യയുടെ സുഹൃത്തായ യുവാവിനെ ഭര്‍ത്താവ് ഇരുമ്പുദണ്ഡിന് അടിച്ചു കൊല്ലുകയായിരുന്നു.
പാലക്കാട് കൊടുന്തരപ്പള്ളി വടശേരിത്തൊടി വീട്ടില്‍ അജയ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് പാലക്കാട് പുതുശേരി സ്വദേശി സുരേഷ് അയ്യപ്പനെ പോലീസ് അറസ്റ്റ്ചെയ്തു.
സെപ്റ്റംബര്‍ 10ന് ആണ് അഞ്ചാമത്തെ കൊലപാതകം നടക്കുന്നത്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 10 ന് പുലര്‍ച്ചെ കലൂരിലെ വീട്ടില്‍ കയറി ആക്രമിക്കാനെത്തിയ വെണ്ണല സ്വദേശി സജുന് സഹീര്‍(28) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ കലൂര്‍ സ്വദേശി കിരൺ ആന്റണി(24)യെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകപരന്പരയിൽ ആറാമത്തേത് 17ന് അരങ്ങേറി. ഇരുമ്പനത്ത് കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വരിക്കോലി ചെമ്മനാട് സ്വദേശി പ്രവീണ്‍ ഫ്രാന്‍സിസ്(42) മരിച്ചു. സംഭവത്തില്‍ തൃപ്പൂണിത്തുറ സ്വദേശി അഖില്‍(27)നെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യത്തെത്തുടര്‍ന്ന് പ്രവീണിനെ വിളിച്ചുവരുത്തി കുത്തുകയായിരുന്നു. 24നായിരുന്നു ഏഴാമത്തെ കൊലപാതകം . കലൂരില്‍ ഗാനമേളയ്ക്കിടെ കൊച്ചി പനയപ്പിള്ളി സ്വദേശി രാജേഷ്(27) ആണ് കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതി കാസര്‍ഗോഡ് സ്വദേശി കെ.എ. മുഹമ്മദ് ഹസനെ പോലീസ് കര്‍ണാടകയില്‍ നിന്നു പിടികൂടി. ഏറ്റവുമൊടുവിലത്തേതാണ് കഴിഞ്ഞ ദിവസം കടവന്ത്രയില്‍ നടന്നത്.