കാഞ്ഞങ്ങാട്: ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മാവുങ്കാലിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു.
ഒരു യുവാവ് പൈരടുക്കം എന്ന സ്ഥലത്തെ ട്രാന്‍സ്ഫോര്‍മറില്‍ പിടിച്ചുകയറാന്‍ ശ്രമിക്കുന്നു. ആരെന്നോ എന്തിനെന്നോ വ്യക്തമല്ല.
കേട്ടപാടേ ആ ഭാഗത്തേക്കുള്ള 11 കെവി മെയിന്‍ ഫീഡര്‍ ലൈന്‍ ഓഫ് ചെയ്യാന്‍ സബ് എന്‍ജിനിയര്‍ സുനില്‍ കുമാര്‍ നിര്‍ദേശം നല്കി.
സമയമൊട്ടും കളയാതെ കെഎസ്ഇബി ജീവനക്കാര്‍ വണ്ടിയെടുത്ത് അങ്ങോട്ടേക്ക് വച്ചുപിടിച്ചു.
അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഇതരസംസ്ഥാനക്കാരനെന്ന് തോന്നിക്കുന്ന യുവാവ് ചുറ്റും കൂടിയ നാട്ടുകാര്‍ പറയുന്നതൊന്നും കേള്‍ക്കാതെ ട്രാന്‍സ്ഫോര്‍മറിന് മുകളിലെത്തിക്കഴിഞ്ഞിരുന്നു.
മുകളിലെത്തിക്കഴിഞ്ഞ് നേരെ മുന്നോട്ടുപോയി കയറിനു മുകളിലൂടെ നടക്കുന്ന തെരുവുസര്ക്കസുകാരുടെ ശൈലിയില്‍ വൈദ്യുത ലൈനുകളിലൂടെ നടക്കാനാണ് ചങ്ങാതിയുടെ ശ്രമം.
ഒരു കയറിന്റെ സ്ഥാനത്ത് ഇവിടെ നാല് ലൈന്‍ കമ്പികള്‍ ഉള്ളതുകൊണ്ട് രണ്ടെണ്ണത്തിന്റെ മുകളില്‍ കാലുവച്ച് മറ്റുള്ളവയെ കൈകൊണ്ടു പിടിച്ച് കൂളായി നടക്കുകയാണ്.
നേരത്തേ ഫോണ്‍കോള്‍ വന്ന് ആ ലൈനെങ്ങാനും ഓഫ് ചെയ്തില്ലായിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന കാര്യമോര്‍ത്ത് കെഎസ്ഇബി ജീവനക്കാരുടെ പോലും ശ്വാസം നിലച്ചുപോയി.
ലൈന്‍ ഓഫ് ചെയ്തെങ്കിലും ഏതുനിമിഷവും ഇയാള്‍ താഴെ വീണ് തലയും കൈയും കാലുമൊക്കെ പഞ്ചറാകുന്നതിന് സാക്ഷികളാകേണ്ടിവരുമെന്ന അവസ്ഥയില്‍ കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും വേഗം അഗ്നിരക്ഷാസേനയേയും പോലീസിനേയും വിവരമറിയിച്ചു.
അവര്‍ ഓടിയെത്തി ഏണിയെല്ലാം ചാരിവച്ചെങ്കിലും പച്ചമലയാളത്തിലോ ഇനി ഇംഗ്ലീഷിലോ ഹിന്ദിയിലോ പറഞ്ഞാലും അത് കേള്‍ക്കാനുള്ള മാനസികാവസ്ഥയൊന്നും യുവാവിന് ഉണ്ടായിരുന്നില്ല.
ഒടുവില്‍ സ്വന്തം ജീവന് പണയപ്പെടുത്തി അഗ്നിരക്ഷാസേനാംഗങ്ങള്‍ കൂടി ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറി ചുറ്റിലും നിന്ന് വളഞ്ഞുപിടിച്ചാണ്ഏതാണ്ട് ഒരു മണിക്കൂര്‍ നേരത്തെ പ്രദര്‍ശനത്തിനുശേഷം യുവാവിനെ താഴെയിറക്കിയത്.
ഇതിനകം അമ്പലത്തറ സ്നേഹാലയത്തിലെ ബ്രദര്‍ ഈശോദാസും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. കക്ഷി രാവിലെ സ്നേഹാലയത്തില്‍നിന്നും ചാടിപ്പോന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞദിവസം ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് സമാനമായ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ച യുവാവിനെ ചന്തേര പോലീസ് പിടികൂടി സ്നേഹാലയത്തിലെത്തിച്ചതായിരുന്നു.
മാനസികനിലതെറ്റി തെരുവില്‍ അലഞ്ഞുനടക്കുകയായിരുന്ന ഒട്ടേറെ പേര്‍ക്ക് ചികിത്സയും സംരക്ഷണവും നല്കി സാധാരണ നിലയിലെത്തിച്ച് ബന്ധുക്കളെ കണ്ടെത്തി തിരിച്ചെത്തിക്കാന്‍ കഴിഞ്ഞിട്ടുള്ള സ്ഥാപനമാണ് സ്നേഹാലയം. ഇവിടെയെത്തിച്ച് യുവാവിന് ഭക്ഷണവും ശുശ്രൂഷയും നല്‍കിയിരുന്നു.
മുരാരി എന്നാണ് പേരെന്നും ഗണേഷ് എന്നയാളുടെ മകനാണെന്നും ബീഹാറിലെ പാറ്റ്ന സ്വദേശിയാണെന്നും യുവാവ് സ്നേഹാലയം അധികൃതരോട് പറഞ്ഞിരുന്നു.
ഇന്നലെ രാവിലെ വളരെ ശാന്തസ്വഭാവത്തോടെ പ്രഭാതകര്‍മങ്ങള്‍ നിര്‍വഹിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തശേഷം സ്നേഹാലയത്തിന്റെ പറമ്പിലൂടെ നടക്കുകയായിരുന്ന യുവാവ് പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ മതില്‍ചാടി ഓടിപ്പോകുകയായിരുന്നു.
രാവിലെ എട്ടേകാലോടെ മറ്റൊരു രോഗിയേയും കൊണ്ട് കാറില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ബ്രദര്‍ ഈശോദാസ് മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപത്തുകൂടി ഇയാള്‍ നടന്നുപോകുന്നതുകണ്ട് കാര്‍ നിര്‍ത്തിയിരുന്നു.
എന്നാല്‍ ബ്രദറിനെ തിരിച്ചറിഞ്ഞതോടെ ഇയാള്‍ തന്റെ ഷര്‍ട്ട് ഊരിയെറിഞ്ഞ് ആള്‍ക്കൂട്ടത്തിനിടയിലൂടെ വീണ്ടും ഓടിപ്പോകുകയായിരുന്നു.
ഇതിനുശേഷമാണ് ഉച്ചയ്ക്ക് ഒന്നരയോടെ പൈരടുക്കത്തെ ട്രാന്സ്ഫോര്മറിനടുത്തെത്തിയത്.
അഗ്നിരക്ഷാസേന രക്ഷിച്ച് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിച്ച യുവാവിനെ വൈകുന്നേരത്തോടെ വീണ്ടും സ്നേഹാലയം അധികൃതര്‍ക്ക് കൈമാറി.
വീണ്ടും ചാടിപ്പോകാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് ശ്രദ്ധിച്ചിരിക്കുകയാണ് സ്നേഹാലയം അധികൃതര്‍.