തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയത് കാപ്പിക് കളനാശിനിയെന്ന് എഡിജിപി എം.ആർ. അജിത് കുമാർ.
കഴിഞ്ഞ 14ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ഗ്രീഷ്മ വീട്ടിൽ തന്നെയുണ്ടായിരുന്ന കളനാശിനി കഷായത്തിൽ കലർത്തി നൽകുകയായിരുന്നു.
ഷാരോണിനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഇതു ചെയ്തതെന്നും ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എഡിജിപി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള സൗഹൃദത്തിൽ ഇടക്കിടെ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു.
ഇതേ തുടർന്ന് ഷാരോണുമായുള്ള ബന്ധത്തിൽ നിന്നു പിന്മാറാൻ ഗ്രീഷ്മ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇയാളെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ ഷാരോണ്‍ പിന്മാറാൻ തയാറായില്ല.
ഷാരോണ്‍ നിരന്തരം തനിക്കു മേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നെന്നും ഇതിൽ നിന്നു രക്ഷപ്പെടാൻ ആദ്യ ഭർത്താവ് മരിക്കുമെന്ന ജാതകദോഷം തനിക്കുണ്ടെന്നും പറഞ്ഞെന്നും എന്നിട്ടും ഷാരോണ്‍ പിന്മാറാൻ തയാറാകാതെ വന്നതോടെയാണ് വിഷം നൽകിയതെന്നും ഗ്രീഷമ മൊഴി നൽകിയതായി എഡിജിപി പറഞ്ഞു.
ഗ്രീഷ്മയുടെ വീട്ടിൽ നിന്നിറങ്ങിയ ഷാരോണ്‍ നിരന്തരം ഛർദിച്ചിരുന്നു. ഛർദിലിന് നീല കലർന്ന നിറമായിരുന്നു.
തുരിശ് പോലെയുള്ള രാസപദാർഥം അകത്തു ചെന്നതായിരിക്കാം ഇതിനുള്ള കാരണമെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതാണ് വിഷം കൊടുത്തു എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രീഷ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കളനാശിനി നൽകിയതായി ഗ്രീഷ്മ സമ്മതിച്ചത്.
കാപ്പിക് കീടനാശിനിയിലെ ഒരു ഘടകം ബ്ളൂ ഡൈ എന്ന രാസപദാർഥമാണ്. ഇതിലൂടെ കലർത്തി നൽകിയത് കാപ്പിക് തന്നെയെന്ന് പോലീസ് ഉറപ്പിച്ചു.
ഇതിന്റെ കുപ്പി ഗ്രീഷ്മ മറ്റൊരു സ്ഥലത്തു കൊണ്ടു പോയി കളഞ്ഞിരുന്നു. ഇവിടെ നിന്നും പോലീസ് അതു കണ്ടെടുത്തതായും എഡിജിപി അറിയിച്ചു.