ഗിരീഷ് പരുത്തിമഠം
തിരുവനന്തപുരം: 72 രാജ്യങ്ങളിൽ നിന്നുള്ള 164 സിനിമകളുമായി 23 -ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ആഘോഷമോ ആർപ്പുവിളികളോ ആരവങ്ങളോ ഇല്ലാതെ ഇന്ന് കൊടിയേറ്റം. വൈകുന്നേരം ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലൻ അധ്യക്ഷ നാകും. ചടങ്ങിൽ ബംഗാളി സംവിധായകന്ഡ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും.
കഴിഞ്ഞ തവണ ഓഖി ദുരിതം ചലച്ചിത്രമേളയുടെ ആഘോഷങ്ങൾക്ക് വിലങ്ങുതടിയായപ്പോൾ ഇക്കുറി സംസ്ഥാനം സാക്ഷ്യം വഹിച്ച ഏറ്റവും ഭീതിദമായ പ്രളയമാണ് ആഢംബരത്തിന്റെ കൊഴുപ്പ് കുറയാൻ ഇടയായിരിക്കുന്നത്. മേളയുടെ ചരിത്രത്തിലാദ്യമായി ഡെലിഗേറ്റുകളിൽ നിന്നും രണ്ടായിരം രൂപ വീതം ഈടാക്കിയാണ് ഒരാഴ്ചത്തെ കാഴ്ചയുടെ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. പതിമൂന്ന് തിയറ്ററുകളിലായി ഒരുക്കിയിട്ടുള്ള മേളയിൽ എണ്ണായിരത്തിലധികം ചലച്ചിത്രാസ്വാദകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
എവരിബഡി നോസ് ആണ് ഉദ്ഘാടന ചിത്രം. അസ്ഗർ ഫർഹാദി രചനയും സംവിധാനവും നിർവഹിച്ച ഈ ഇറാനിയൻ ചിത്രം പ്രേക്ഷകനെ അസാധാരണമായ മാനസിക തലങ്ങളിലൂടെ സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കുന്നു. സ്പെയിനിലെ ഒരു ചെറിയ ഗ്രാമത്തിൽ നടക്കുന്ന തന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അർജന്റീനയിൽ നിന്നും എത്തുന്ന ലാറയാണ് മുഖ്യകഥാപാത്രം. ലാറയോടൊപ്പം രണ്ടു മക്കളുമുണ്ട്. വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ചയുടെ ആഹ്ലാദത്തിനിടയിലാണ് ആശങ്കയുടെ നിഴലാട്ടം ലാറയുടെ മൂത്ത കുട്ടിയുടെ തിരോധാനത്തിലൂടെ രൂപപ്പെടുന്നത്.
ലോക സിനിമാ വിഭാഗത്തിൽ ഇന്ന് മുപ്പത് സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കും.ദ മാൻ ഹു ബോട്ട് ദ മൂണ്‍, ബോർഡർ, വൊൾക്കാനോ, പിൽഗ്രിമേജ്, മിഡ്നൈറ്റ് റണ്ണർ, ഡൈ ടുമാറോ, കോർ ഓഫ് ദ വേൾഡ് മുതലായ ചിത്രങ്ങൾ ഉൾപ്പെടുന്നു.ശ്രീലങ്കൻ സംവിധായകയായ ശുഭ സുകുമാരന്റെ കന്നി ചിത്രമായ ഹൗസ് ഓഫ് മൈ ഫാദേഴ്സ് ഇന്ന് പ്രേക്ഷകന് മുന്നിലെത്തും.
തമിഴ്, സിംഹള ഗ്രാമങ്ങൾ തമ്മിലുള്ള അവസാനിക്കാത്ത പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ സിനിമ ശക്തമായ രാഷ്്ട്രീയ ചിത്രം എന്നതിനൊപ്പം മനോഹരമായ കാവ്യരീതിയുടെയും അടയാളമാണ്. കാലങ്ങളായി നിലനിൽക്കുന്ന സംഘർഷങ്ങളുടെ ഉള്ളറകളിലേയ്ക്ക് സംവിധായക ബോധപൂർവം പ്രേക്ഷകനെ നയിക്കുന്നു. യാഥാർഥ്യങ്ങളെ നേരിടാൻ തന്റേടമുള്ളവർക്കായാണ് തന്റെ ഈ സിനിമയെന്ന് ശുഭ വ്യക്തമാക്കുന്നുമുണ്ട്.
14 സിനിമകൾ അടങ്ങിയ മത്സരവിഭാഗത്തിലാണ് ഈ.മ.യ, സുഡാനി ഫ്രം നൈജീരിയ എന്നീ മലയാള ചിത്രങ്ങൾ. ഇൻഡ്യയിൽ നിന്നും വിഡോ ഓഫ് സൈലൻസ്, ഘോഡേ കോ ജിലേബി ഖിലാനേ ലേ ജാ രഹാ ഹൂം എന്നീ ചിത്രങ്ങളുമുണ്ട്. ഡെബ്റ്റ്, എൽ ഏഞ്ചൽ, നൈറ്റ് ആക്സിഡന്റ്, പോയിസണസ് റോസസ്, ടെയിൽ ഓഫ് ദ സീ, ദ ബെഡ്, ദ ഡാർക്ക് റൂം, ദ ഗ്രേവ്ലെസ്, ദ റെഡ് ഫാലസ്, ദ സൈലൻസ് എന്നിവയാണ് പോരാട്ടത്തിലുള്ള മറ്റു ചിത്രങ്ങൾ.
ഇൻഡ്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ബിജുകുമാർ ദാമോദരന്റെ ദ പെയിന്റിംഗ് ലൈഫ്, ബുദ്ധദേവ്ദാസ് ഗുപ്തയുടെ ദ ഫ്ളൈറ്റ്, നന്ദിതാദാസിന്റെ മന്‍േറാ, വസന്ത് എസ് ശശിയുടെ ശിവരഞ്ജിനിയും ഇനിയും ചില പെണ്‍കളും, അമിതാഭാ ചാറ്റർജിയുടെ അമി ഒ മനോഹർ, ദേവാശിഷ് മഖീജയുടെ ഭോസ്ളെ, കൊണാർക്ക് മുഖർജിയുടെ അബ്രഹാം എന്നീ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
മലയാളം സിനിമ വിഭാഗത്തിൽ 12 സിനിമകളാണ് ഇപ്രാവശ്യത്തെ മേളയിലുള്ളത്. ആവേ മറിയ, ബിലാത്തിക്കുഴൽ, ഉടലാഴം, ഭയാനകം, ഈട, ഹ്യൂമൻസ് ഓഫ് സംവണ്‍, കോട്ടയം, മായാനദി, പറവ, ഓത്ത്, സ്ലീപ്പ്ലെസ്ലി യുവേഴ്സ്, പ്രതിഭാസം എന്നിവയാണ് ഈ ചിത്രങ്ങൾ.
വിശ്വവിഖ്യാത ചലച്ചിത്രപ്രതിഭയായ ബർഗ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ എട്ടു ചിത്രങ്ങൾ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. ക്രൈസ് ആൻഡ് വിസ്പേഴ്സ് ഇന്ന് പ്രദർശിപ്പിക്കും. പ്രളയത്തിന്റെ മഹാദുരന്തം തകർത്ത ജീവിതങ്ങൾക്ക് അതിജീവനത്തിന്റെ സന്ദേശവുമായാണ് 23 -ാമത് ചലച്ചിത്രമേളയിലെ സിനിമകൾ പ്രദർശിപ്പിക്കുന്നത്.