കോതനല്ലൂർ: അപകടം നടന്നയുടൻ അപകടമുണ്ടാക്കിയ കാറിന്റെ ഉടമ തന്റെ കാർ ഇടിച്ചു തകർന്ന മാരുതി കാർ വില കൊടുത്തു വാങ്ങി. ഇന്നലെ വൈകുന്നേരം കോതനെല്ലൂരിലുണ്ടായ അപകടത്തിനുശേഷമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കോതനെല്ലൂരിലെ ഒരു വ്യാപാരിയുടെ കാറാണ് അപകടത്തിൽ തകർന്ന മാരുതി. ഇദ്ദേഹം കടയുടെ മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പുറകിൽനിന്നുമെത്തിയ ഇന്നോവ മാരുതിയുടെ പിന്നിലിടിച്ചു കയറിയാണ് അപകടമുണ്ടായത്.
അപകടത്തിനുശേഷം പോലീസെത്താതെ തന്നെ സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇരുകൂട്ടരും സംസാരിക്കുന്നതിനിടെയാണ് ഇന്നോവ ഓടിച്ചയാൾ 33,000 രൂപ നൽകി മാരുതി കാർ വാങ്ങിയത്. തുടർന്ന് നന്നാക്കുന്നതിനായി സമീപത്തെ വർക്ക്ഷോപ്പിലേക്ക് കാർ മാറ്റുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.
മാരുതി കാറിന്റെ പുറകുഭാഗം പൂർണമായും തകർന്നു. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന മാരുതി കാറിനു പിന്നിൽ കോട്ടയം ഭാഗത്തുനിന്നുമെത്തിയ ഇന്നോവ ഇടിച്ചു കയറുകയായിരുന്നു.