മാസങ്ങളോളം പോലീസിനെ അലട്ടിയ റാഗിംഗ് കേസിനു തുമ്പുണ്ടാക്കാന് വിദ്യാര്ഥിനിയുടെ വേഷത്തില് പോലീസുകാരി മെഡിക്കല് കോളജ് ക്യാമ്പസില് ചെലവഴിച്ചത് മൂന്നു മാസത്തോളം.
രഹസ്യാന്വേഷണത്തിലൂടെ യഥാര്ഥ പ്രതികളെ കണ്ടെത്തിയ മധ്യപ്രദേശ് പോലീസിലെ ഉദ്യോഗസ്ഥ ശാലിനി ചൗഹാന്(24) ആണ് ഇപ്പോള് സമൂഹമാധ്യമങ്ങളിലെ താരം.
ഇന്ഡോറിലെ മഹാത്മാ ഗാന്ധി മെമ്മോറിയല് മെഡിക്കല് കോളജിലാണു നാടകീയ സംഭവങ്ങള് അരങ്ങേറിയത്. ഒന്നാം വര്ഷ വിദ്യാര്ഥികളെ ക്രൂരമായി റാഗ് ചെയ്ത 11 സീനിയര് വിദ്യാര്ഥികളെയാണ് നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില് ശാലിനി കണ്ടെത്തിയത്.
ഇവരെ മൂന്നു മാസത്തേക്ക് കോളജില്നിന്നും ഹോസ്റ്റലില്നിന്നും സസ്പെന്ഡ് ചെയ്തിട്ടുണ്ട്. സീനിയര് വിദ്യാര്ഥികള് റാഗ് ചെയ്യുന്നതായി കഴിഞ്ഞ ജൂലൈയിലാണ് പേര് വെളിപ്പെടുത്താത്ത വിദ്യാര്ഥികളുടെ പരാതി പോലീസ് ഹെല്പ്പ്ലൈനില് ലഭിച്ചത്.
സംഭവം നടന്ന സ്ഥാപനത്തിന്റെ വിശദാംശങ്ങള് മാത്രമാണ് പരാതിയിലുണ്ടായിരുന്നത്. കോളജ് ക്യാമ്പസിലെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
റാഗ് ചെയ്യപ്പെട്ട വിദ്യാര്ഥികള് ഭയംമൂലം പോലീസിനു നേരിട്ടു വിവരം നല്കാന് തയാറായില്ല. ഇതോടെ, പരാതി നല്കിയ ഫോണ് നമ്പര് കണ്ടെത്താന് ശ്രമിച്ചെങ്കിലും ഹെല്പ്പ്ലൈന് നയം അനുസരിച്ച് അതും ലഭ്യമായില്ല.
തുടര്ന്നാണു രഹസ്യാന്വേഷണം നടത്താന് പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചത്. പോലീസ് ഇന്സ്പെക്ടര് തെഹ്സീബ് ഖ്വാസിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കോളജിലും പരിസരത്തും മഫ്തിയില് വനിതാ പോലീസുകാരെ ഉള്പ്പെടെ നിയോഗിച്ചാണ് അന്വേഷണം നടത്തിയത്.
ഇതിന്റെ ഭാഗമായാണ് ശാലിനി ചൗഹാന് മെഡിക്കല് വിദ്യാര്ഥിനിയെന്ന വ്യാജേനെ കോളജിലെത്തി വിവരങ്ങള് ശേഖരിച്ചത്. കോളജ് ക്യാന്റീന് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കോളജ് വിദ്യാര്ഥിനിയുടേതെന്ന തരത്തില് വസ്ത്രം ധരിച്ച് ബാഗുമായി കോളജ് കാന്റീനിലെത്തിയ ശാലിനി മറ്റു വിദ്യാര്ഥിനികളുമായി സൗഹൃദം സ്ഥാപിച്ചാണ് വിശദാംശങ്ങള് കണ്ടെത്തിയത്.
‘ഞാന് ദിവസവും വിദ്യാര്ഥിയുടെ വേഷത്തില് കോളജില് പോകും. കാന്റീനിലിരുന്നാണ് മറ്റു വിദ്യാര്ഥികളോട് സംസാരിച്ചത്.ആദ്യമൊക്കെ വിദ്യാര്ഥികള് അകന്നുനിന്നു. ക്രമേണ അവര് എന്നോട് എല്ലാ കാര്യങ്ങളും തുറന്നുപറയാന് തുടങ്ങി’ ശാലിനി ചൗഹാന് പറഞ്ഞു.
ലൈംഗികാതിക്രമം ഉള്പ്പെടെയാണ് കുറ്റക്കാരായ വിദ്യാര്ഥികള് ജൂനിയര് വിദ്യാര്ഥികളോട് ചെയ്തു കൂട്ടിയത് എന്നാണ് വിവരം.