ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊലപാതകത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് യുവതി.
40 ശതമാനം പൊള്ളലേറ്റ് നഗ്നയാക്കിയ നിലയില്‍ ഹൈവേയില്‍ നിന്ന് കണ്ടെത്തിയ 25കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലാനുള്ള ഉദ്ദേശത്തോടെ ക്രൂരകൃത്യം ചെയ്ത അച്ഛനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ബറേലിയില്‍ ഡല്‍ഹി- ലക്നൗ ഹൈവേയില്‍ നിന്നാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ 25കാരിയെ കണ്ടെത്തിയത്.
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് യുവതി വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ വിവാഹം നടന്ന് മണിക്കൂറുകള്‍ക്കകം അച്ഛനും ബന്ധുക്കളും ചേര്‍ന്ന് മകളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഇതിന് കൂട്ടുനിന്ന മറ്റു രണ്ടു ബന്ധുക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്.
യുവതിയെ കഴുത്തുഞെരിച്ച് കൊല്ലാനാണ് ശ്രമിച്ചത്. ടോയ്ലെറ്റ് ക്ലീനര്‍ ഉപയോഗിച്ചാണ് ദേഹത്ത് പൊള്ളലേല്‍പ്പിച്ചത്.
മകളെ മരിക്കാന്‍ വിട്ട് ഹൈവേയില്‍ ഉപേക്ഷിച്ച് അച്ഛനും ബന്ധുക്കളും കടന്നുകളയുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായും എന്നാല്‍ മൊഴിയെടുക്കാന്‍ കഴിയുന്ന അവസ്ഥയില്‍ എത്തിയിട്ടില്ലെന്നും എഎസ്പി രാജ്കുമാര് അഗര്‍വാള്‍ പറയുന്നു.