കൊച്ചി: കൊച്ചി പുറംകടലില്‍നിന്നും 25,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസില്‍ പാക് കപ്പല്‍ ലക്ഷ്യമിട്ടത് ലക്ഷദ്വീപും ശ്രീലങ്കയുമെന്ന് സൂചന. നാവികസേന പിന്തുടര്‍ന്നതോടെ അന്താരാഷ്ട്ര കപ്പല്‍ ചാലിലേക്ക് ബോട്ട് വഴി മാറ്റുകയായിരുന്നു.
എന്‍സിബി പിടികൂടിയ പാക്കിസ്ഥാന് പൗരനെ ചോദ്യം ചെയ്തതില്‍നിന്ന് പിടികൂടിയ മയക്കുമരുന്ന് ഹാജി സലിം ലഹരി മാഫിയ സംഘത്തിന്റേതെന്ന് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ സംഘത്തിന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ബന്ധങ്ങളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
കപ്പലില്‍ നാല് ടണ്‍ മയക്കുമരുന്ന്
മുക്കിയ കപ്പലില്‍ നാല് ടണ്‍ മയക്കുമരുന്ന് ഉണ്ടായിരുന്നതായി സംശയിക്കുന്നു. ഇത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണോ അതോ അന്താരാഷ്ട്ര കപ്പല്‍ ചാലിലാണോ മുക്കിയതെന്ന് എന്‍സിബി പരിശോധിക്കുന്നുണ്ട്.
കപ്പലില്‍നിന്ന് രക്ഷപ്പെട്ട ആറു പേരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. പിടികൂടിയ മയക്കുമരുന്ന് ബോക്സുകളില്‍ രേഖപ്പെടുത്തിയിരുന്ന മുദ്രകളും എന്‍സിബി പരിശോധിച്ച് വരികയാണ്.
കസ്റ്റഡി അപേക്ഷ ഇന്ന്
അതേസമയം, കേസില്‍ റിമാന്‍ഡിലായ പാക്ക് പൗരനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍സിബി ഇന്ന് അപേക്ഷ നല്‍കും. ഇന്നലെ മട്ടാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാല് ദിവസത്തെക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
തുടര്‍ന്ന് ഇയാളെ കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റി. ഇയാള്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നതായും വിവരമുണ്ട്.
എന്‍ഐഎ അന്വേഷണം
ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്‍സിബി പിടികൂടിയ പാക്കിസ്ഥാന് പൗരനെ എന്‍ഐഎ സംഘം ഇന്നലെ ചോദ്യം ചെയ്തു.
എന്സിബിയില്നിന്നും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോയെന്നാണ് എന്‍ഐഎ മുഖ്യമായും അന്വേഷിക്കുന്നത്.