സിനിമയെ വിമർശിക്കരുതെന്ന് പ്രേക്ഷകരോട് മോഹൻലാൽ… കൊറിയയിലെ പ്രേക്ഷകരെ പോലെയാകണം കേരളത്തിലെ പ്രേക്ഷകർ എന്ന് റോഷൻ ആൻഡ്രൂസ്…
നിരൂപിക്കുന്നവർ സിനിമയെ പഠിച്ചശേഷം വേണം വിമർശിക്കാനെന്ന് അഞ്ജലി മേനോൻ…
ഇവരുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ മാത്രമല്ല സിനിമാസ്വാദകർക്കിടയിൽ മൊത്തത്തിലാണ് ചേരിതിരിഞ്ഞുള്ള വാക്പോരിനാണ് കളമൊരുക്കിയത്.
സിനിമ കാണുന്നവരോട് നിങ്ങൾ എങ്ങനെ പ്രതികരിക്കണം, ഏതു വിധത്തിൽ പ്രതികരിക്കണം, എങ്ങനെ പ്രതികരിക്കാൻ പാടില്ലായെന്നെല്ലാം കൽപ്പിക്കുന്പോൾ സ്വഭാവികമായും പ്രേക്ഷകർക്ക് അസഹിഷ്ണുതയുണ്ടാകും.
അതിന് അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം അവർ മൂവരും പറഞ്ഞ ശൈലിയിൽ നിഴലിച്ചത് അത്രയും മുഴുവൻ അസഹിഷ്ണുതയായിരുന്നുവെന്ന് മറുപക്ഷം ആരോപിക്കുന്നു. അതാണ് ഒരുവൻ ആസ്വാദകക്കൂട്ടത്തെ അസ്വസ്ഥമാക്കിയത്.
മരക്കാർ ഗർജിച്ചോ?
മരക്കാർ അറബിക്കടലിന്റെ സിംഹം പുറത്ത് ഇറങ്ങിയപ്പോൾ ചിത്രത്തെ മനഃപൂർവം തരംതാഴ്ത്താനുള്ള ശ്രമങ്ങൾ ഉണ്ടായെന്ന് സാക്ഷാൽ മോഹൻലാൽ തന്നെ പറയുന്നു.
എന്നാൽ ശരിക്കും അങ്ങനെയാണോ. കോടികൾ മുടക്കി മികച്ച താരങ്ങളെ അണിനിരത്തി… എന്നുള്ളതെല്ലാം ശരിയാണെങ്കിലും മരക്കാർ ശരിക്കും ഗർജിക്കുന്ന സിംഹം അല്ലായിരുന്നു എന്നതാണ് ശരി എന്നൊരഭിപ്രായം പൊങ്ങുന്പോൾ ദാ സിനിമക്കാർക്ക് അസഹിഷ്ണുത പൊങ്ങി.
അപ്പോൾ പിന്നെ വിമർശിക്കുന്നവർക്കെതിരെ തിരിയുക എന്നതായി അവരുടെ ശൈലി.
ആ പണി അവർ വൃത്തിയായി ചെയ്തു. കുറ്റങ്ങളും കുറവുകളും ഉള്ളതുകൊണ്ടാണ് ഹേ… പ്രേക്ഷകർക്ക് അസ്വസ്ഥത ഉണ്ടായത്. അവരത് പറഞ്ഞു അതിന് നിങ്ങൾ ഇത്ര ഗർവിക്കുന്നത് എന്തിന്.
കൊറിയക്കാരുടെ കൂട്ടുകാരൻ
പ്രേക്ഷകർ ഞങ്ങളെ വിമർശിച്ചാൽ പ്രേക്ഷകരെ ഞങ്ങളും വിമർശിക്കും എന്ന രീതിയിലായിരുന്നു സാറ്റർഡേ നൈറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ വരവ്.
കൊറിയക്കാരെ വരെ കൂട്ടുപിടിച്ച് സംവിധായകൻ ഇന്റർവ്യൂവിൽ തട്ടിവിട്ടതെല്ലാം സോഷ്യൽ മീഡിയയിൽ ട്രോളുകളായി പെയ്തിറങ്ങി.
ചിത്രത്തിന് ഗുണം ചെയ്യാനായി പറഞ്ഞതെല്ലാം ഒടുവിൽ ദോഷമായി തീരുകയും ചെയ്തു. സമൂഹത്തിന് മുന്നിൽ സോഷ്യൽ മീഡിയയെ ഭയക്കുന്ന, അഭിപ്രായം പറയുന്ന പ്രേക്ഷകനെ ഭയക്കുന്ന, നിരൂപകരെ ഭയക്കുന്ന സംവിധായകനായി റോഷൻ ആൻഡ്രൂസ് മാറുകയും ചെയ്തു.
ഇങ്ങനെയൊക്കെ പറയാമോ…
ലാഗുണ്ടെന്നൊക്കെ പ്രേക്ഷകർ എന്തിനാണ് പറയുന്നത്…. ഒരു സിനിമയ്ക്ക് പിന്നിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞിട്ടുവേണ്ടെ ഇങ്ങനെയൊക്കെ വിമർശിക്കാനെന്നെല്ലാം ഒരു സംവിധായിക ആധികാരികമായി ഇന്റർവ്യൂവിൽ പറഞ്ഞപ്പോൾ പ്രേക്ഷകർ ശരിക്കും വണ്ടറടിച്ചു.
വണ്ടർ വുമൺ സിനിമയുടെ സംവിധായിക അഞ്ജലി മേനോനാണ് ചിരിച്ചുകൊണ്ട് പ്രേക്ഷകരെ ചില കാര്യങ്ങൾ പഠിപ്പിക്കാൻ നോക്കിയത്.
വണ്ടർ വുമൺ കഴിഞ്ഞദിവസം ഒടിടിയിൽ ഇറങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും യൂ ട്യൂബിലുമെല്ലാം ചിത്രത്തെക്കുറിച്ചുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
സിനിമയെ അനുകൂലിച്ചും എതിർത്തും ഇപ്പോഴും അഭിപ്രായങ്ങൾ പെയ്തു കൊണ്ടേയിരിക്കുകയാണെന്നാണ് അവസാനം കിട്ടുന്ന റിപ്പോർട്ട്.
തിരിച്ചറിവ് നല്ലതിനാണ് പക്ഷേ…
പറഞ്ഞത് ഇമ്മിണി കൂടി പോയെന്ന തോന്നാലാണോ… അതോ വണ്ടർ വുമൺ സിനിമയ്ക്ക് ലഭിക്കുന്ന നെഗറ്റീവ് പ്രതികര ണമാണോ എന്തോ… അഞ്ജലി മേനോൻ ഒരുപടി താഴത്തേക്ക് ഇറങ്ങിയിട്ടുണ്ട്.
പ്രേക്ഷകർതന്നെ വളരെ രസകരമായി വിശദമായ നിരൂപണങ്ങൾ എഴുതുന്ന സമയമാണിത്. അതിനാൽ പ്രഫഷണൽ സിനിമാ നിരൂപകർ അതിലും ഉയരത്തിൽ ലക്ഷ്യമിടണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു ന്യായീകരണം.
എന്തായാലും ആദ്യം പറഞ്ഞത് മുഴച്ചുതന്നെ നിൽക്കുന്നതിനാൽ തിരിച്ചറിവിലൂടെ എത്തിയ ന്യായീകരണം എത്രത്തോളം ജനം സ്വീകരിക്കുമോ എന്തോ…
സിനിമക്കാർ ഇങ്ങനെ പ്രേക്ഷകരെ പേടിക്കേണ്ട കാര്യമുണ്ടോയെന്ന് പ്രേക്ഷകർ അവരോട് തന്നെ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.
എത്രയെത്ര നല്ല സിനിമകൾ തിയറ്ററിൽ ഹൗസ് ഫുള്ളായി ഓടിയിരിക്കുന്നു. ഇപ്പോഴും ആ പതിവ് തുടർന്നു കൊണ്ടേയിരിക്കുകയല്ലേ.
ഈ അവസരത്തിൽ പ്രേക്ഷകർ തീർച്ചയായും വിമർശിക്കണമെന്നു പറഞ്ഞ വിനീത് ശ്രീനിവാസനും ഒരു നല്ല സിനിമയെയും എഴുതി തോൽപ്പിക്കാനാവില്ലായെന്ന് പറഞ്ഞ ജൂഡ് ആന്റണി ജോസഫും വിട്ടുവീഴ്ചയില്ലാതെ സിനിമയെ വിമർശിക്കണമെന്ന് പറയുന്ന ഹരീഷ് പേരടിയുമെല്ലാം ഇവിടെ ഉണ്ടെന്നുള്ളത് മലയാള സിനിമയ്ക്ക് ആശ്വാസം തന്നെയാണ്.