കൊച്ചി: വൃശ്ചികോത്സവത്തിനു വന്ന യുവാവിനെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് വനിത എസ്ഐയുടെ നേതൃത്വത്തിൽ മർദിച്ചതായി ആക്ഷേപം.
ഉദയംപേരൂർ നടക്കാവ് മേക്കേവെളിയിൽ സദാനന്ദന്റെ മകൻ നിതിൻ(25) ആണ് പോലീസ് മർദനത്തെ തുടർന്ന് ശരീരമാസകലം വേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്.
പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ നിതിനെയും കൂട്ടുകാരൻ അരുണിനെയുമാണ് (26) പോലീസ് മർദിച്ചത്.
തിങ്കളാഴ്ച രാത്രി പത്തോടെ സ്റ്റാച്ച്യു ജംഗ്ഷനിൽ ഒരു സംഘം യുവാക്കൾ അടിപിടിയുണ്ടാക്കിയിരുന്നു. ഈ സംഘത്തിന്റെ പിന്നിലായി നിതിനും അരുണും നടന്നു പോകുന്നുണ്ടായിരുന്നു.
ഇവരെയാണ് പോലീസ് പിടിച്ചു കൊണ്ടുപോയി മർദിച്ചത്. എന്തിനാണ് തങ്ങളെ പിടിച്ചു കൊണ്ടുപോകുന്നതെന്ന് ചോദിച്ച നിതിനെ ഉദ്യോഗസ്ഥ കരണത്തടിച്ചുവെന്നും പിന്നീട് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ച ശേഷം ഉദ്യോഗസ്ഥയും സ്റ്റേഷനിലുണ്ടായിരുന്ന ബനിയൻ ധരിച്ച പോലീസുകാരനും കുനിച്ചു നിർത്തി മുതുകിലും മറ്റും ശക്തിയായി ഇടിച്ചുവെന്നുമാണ് ആക്ഷേപം.
പിന്നീട് യഥാർഥ പ്രതികളെ പിടിച്ചു കൊണ്ടുവന്നതോടെ ആള് മാറിയതറിഞ്ഞ് പോലീസ് യുവാക്കളെ പുലർച്ചെ രണ്ടോടെ വിട്ടയയ്ക്കുകയായിരുന്നു.
മർദനത്തെ തുടർന്ന അവശനായ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. അകാരണമായി മർദിച്ച പോലീസിനെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മേലുദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങുകയാണ് യുവാവ്.