സംസ്ഥാനത്ത് വിവിധ തരത്തിലുള്ള വയറിളക്ക രോഗങ്ങള് വ്യാപകമാവുന്നതായി കണക്കുകള്. ഭക്ഷ്യവിഷബാധ മൂലവും അല്ലാതെയും നിരവധി ആളുകളാണ് വയറിളക്കം മൂലം ബുദ്ധിമുട്ടുന്നത്.
കഴിഞ്ഞ ആറുമാസത്തിനിടെ ഒന്നരലക്ഷത്തോളം പേര് വയറിളക്കവുമായി ബന്ധപ്പെട്ട് ചികില്സ തേടി.
ഈ മാസം മാത്രം ഇരുപത്തയ്യായിരത്തിലധികം പേര്ക്ക് രോഗം ബാധിച്ചു. അഞ്ചുവര്ഷത്തിനിടെ മുപ്പത് പേരുടെ ജീവനാണ് നമ്മള് നിസ്സാരമെന്നു കരുതുന്ന വയറിളക്കം മൂലം പൊലിഞ്ഞത്.
ഈ മാസത്തില് ഇതുവരെ 26, 282 പേര്ക്ക് രോഗം ബാധിച്ചു. വ്യാഴാഴ്ച ഒറ്റ ദിവസം സര്ക്കാര് ആശുപത്രികളില് ചികില്സ തേടിയത് ആയിരത്തഞ്ഞൂറോളം ആളുകളാണ്.
മലിനജലമാണ് പലപ്പോഴും വില്ലനാകുന്നത്. ഇതിലൂടെ പകരുന്ന വൈറസും ബാക്ടീരിയയുമാണ് വയറിളക്കത്തിന് മിക്കപ്പോഴും കാരണമാകുന്നത്. വൃത്തിയില്ലാത്ത ഭക്ഷണവും ഭക്ഷ്യവിഷബാധയുമെല്ലാം വയറിളക്കത്തിന് കാരണമാവുന്നുണ്ട്.