തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തിരിതെളിയും. ഇന്നു വൈകുന്നേരം 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. ഐ എസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന്‍ ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും.
ഫെസ്റ്റിവൽ ഹാൻഡ്ബുക്ക് മന്ത്രി വി.ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവൽ ബുള്ളറ്റിൻ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ മേയർ ആര്യാ രാജേന്ദ്രനും നൽകി പ്രകാശനം ചെയ്യും.
അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് പുറത്തിറക്കും. കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ.കരുണ്‍ മാസിക ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേം കുമാർ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ, സെക്രട്ടറി സി.അജോയ് എന്നിവർ പങ്കെടുക്കും.
ഇന്ത്യയുടെ വാനന്പാടി ലതാ മങ്കേഷ്കറിന് ഗായത്രി അശോകനും സൂരജ് സാത്തെയും ചേർന്ന് ഒരുക്കുന്ന ശ്രദ്ധാഞ്ജലിയോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുക.
ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരം നഗരത്തിലെ 15 തിയറ്ററുകളിൽ പ്രദർശനം നടക്കും. പതിനായിരത്തോളം പ്രതിനിധികൾക്ക് പാസ് അനുവദിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിക്കു ശേഷം പൂർണതോതിൽ നടത്തപ്പെടുന്ന ആദ്യത്തെ മേളയാണ് ഇത്തവണത്തേത്.
മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവയടക്കം ഏഴ് പാക്കേജുകൾ മേളയിലുണ്ട്. ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ്സ് എന്ന വിഭാഗമാണ് ഇത്തവണത്തെ മേളയുടെ മറ്റൊരു പ്രത്യേകത. അഫ്ഗാനിസ്ഥാന്, ബര്‍മ്മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇതിൽ.