
വാഷിംഗ്ടൺ: കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിൽ വ്യാപക പ്രതിഷേധം.
മിഷിഗണിൽ നടന്ന പ്രതിഷേധത്തെ അനുകൂലിച്ച് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തതിനെ തുടർന്നാണ് മറ്റുസംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്നത്.
കൊളറാഡോയില്‍ പ്രതിഷേധവുമായി തെരുവിലിങ്ങിയവരെ ആരോഗ്യപ്രവർത്തകർ തടഞ്ഞു. പ്രതിഷേധക്കാരുടെ വാഹനങ്ങളുടെ മുന്പില് മാസ്ക് ധരിച്ച്, കൈകെട്ടി നിന്നാണ് നഴ്സുമാർ പ്രതിഷേധക്കാരെ നേരിട്ടത്.
ടെക്സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ശനിയാഴ്ച പ്രതിഷേധം ഇരമ്പി. ടെക്സസ് തലസ്ഥാനമായ ഓസ്റ്റിനിൽ ഇൻഫോ വാർസ് എന്ന വെബ്സൈറ്റിന്റെ സൂത്രധാരൻ അലക്സ ജോൺസിന്റെ പിന്തുണയോടെയാണ് പ്രതിഷേധ പ്രകടനം നടന്നത്.
‘ലെറ്റ് അസ് വർക്ക്, ലെറ്റ് അസ് വർക്ക്’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ മുന്നോട്ടുനീങ്ങിയത്. തൊഴിൽ, സാമ്പത്തിക മേഖലകളെ തകർച്ചയിൽ നിന്നും വീണ്ടെടുക്കുന്നതിന് ലോക്ഡൗൺ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
കോവിഡ് ഭീതിയിൽ നിന്നും രാജ്യം മോചിതമായി പ്രവർത്തനനിരതമാകേണ്ട സമയമായിരിക്കുന്നു. സ്റ്റേ അറ്റ് ഹോം മൂലം കൊറോണ വൈറസ് വ്യാപനം ക്രമാനുസൃതമായി കുറയ്ക്കുന്നതിൽ വിജയിച്ചു.
ഇനിയും ലോക്ഡൗൺ നീട്ടിക്കൊണ്ടുപോകുന്നത് പേർസണൽ ലിബർട്ടിയുടെ ലംഘനമാണെന്നും പ്രതിഷേധക്കാർ പറയുന്നു.