
തുര്‍ക്കി ഭരണകൂടത്തിന്റെ ഫാസിസ്റ്റ് ചെയ്തിയ്‌ക്കെതിരേ നിരാഹാരം കിടന്നു പ്രതിഷേധിച്ച പ്രശസ്തയായ ടര്‍ക്കിഷ് നാടോടി ഗായിക ഹെലിന്‍ ബോലെക്(28) അന്തരിച്ചു.
ഹെലിന്‍ അംഗമായ ഗ്രൂപ്പ് യോറം എന്ന ബാന്‍ഡിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 288 ദിവസമായി ഇസ്തംബുളില്‍ സമരത്തിലായിരുന്നു ഹെലിനും സഹഗായകന്‍ ഇബ്രാഹിംഗോക്‌ചെകും.
പ്രതിഷേധ സ്വരത്തിന്റെ പടപ്പാട്ടുകളുമായി 2016ല്‍ രംഗത്തു വന്ന ബാന്‍ഡാണിത്. നിരോധിക്കപ്പെട്ട ഭീകര സംഘടന റവല്യൂഷണറി പീപ്പിള്‍സ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സര്‍ക്കാര്‍ ബാന്‍ഡ് നിരോധിച്ച് ഗായകരെ ജയിലില്‍ അടച്ചത്.
ഹെലിനും മറ്റും നവംബറില്‍ ജയില്‍ മോചിതയായെങ്കിലും പാടാനുള്ള അവകാശത്തിനായി സമരത്തിലായിരുന്നു. എന്നാല്‍ ടര്‍ക്കിഷ് ഭരണകൂടം അയഞ്ഞതേയില്ല.
നിരാഹാര സമരം അവസാന നാളുകളിലെത്തിയപ്പോഴേക്കും ഹെലിനെ എല്ലും തോലുമാക്കിയിരുന്നു. ഹെലിന്റെ പഴയ ചിത്രവും അവസാന കാലത്തെ ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.