രണ്ട് സ്കൂളുകളിലായി ഏഴു വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതിന് എടുത്ത കേസുകളില്‍ അധ്യാപകന് 29 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും.
ഹയര്‍സെക്കന്‍ഡറി അധ്യാപകനായ എറണാകുളം നടമുറി മഞ്ഞപ്രയിലെ പലട്ടി ബെന്നി പോളിനെ (50) ആണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ പി അനില്‍കുമാര്‍ രണ്ടു കേസുകളിലായി ശിക്ഷിച്ചത്.
പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ മനഃപൂര്‍വം ലൈംഗിക അതിക്രമത്തിന് ഇരയാക്കിക്കണമെന്ന ഉദ്ദേശത്തോടെ ക്ലാസ്സ് മുറിയില്‍ വെച്ചു ക്ലാസ്സ് എടുക്കുന്ന സമയം പല ദിവസങ്ങളിലായി ശരീരത്തില്‍ പിടിച്ചും ഉരസിയും അതിക്രമത്തിന് ഇരയാക്കിയെന്ന പരാതികളിലാണ് പോലീസ് കേസ് എടുത്തത്.
2017ല്‍ പെരിന്തല്‍മണ്ണ പോലീസ് എടുത്ത കേസുകളില്‍ ആണ് ശിക്ഷ. ഒരു കേസില്‍ വിവിധ വകുപ്പുകളിലായി യഥാക്രമം 5, 2 ,6 വര്‍ഷങ്ങളിലായി ആകെ 13 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കില്‍ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷം എന്നിങ്ങനെ വെറും തടവ് അനുഭവിക്കണം. മറ്റൊരു കേസില്‍ 16 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ആണ് വിധിച്ചത്. പിഴത്തുക ഇരകളായ കുട്ടികള്‍ക്ക് നല്‍കും.
പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സാജു കെ എബ്രഹാം, ടി എസ് ബിനു എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
രണ്ട് കേസുകളിലും വേണ്ടി സ്പെഷ്യല്‍ പബ്ലിക്യൂട്ടര് സപ്ന പി പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റും.