നിശാന്ത് ഘോഷ്
കണ്ണൂർ: ജില്ലാ പഞ്ചായത്ത് കരാറുകാരന് നൽകിയ രണ്ടു ലക്ഷത്തിന്റെ ചെക്കിനു പകരം ജില്ലാ ട്രഷറിയിൽ നിന്നും 20 ലക്ഷം നൽകിയ സംഭവത്തിൽ അധികമായി നൽകിയ 18 ലക്ഷം രൂപ ഒടുവിൽ ട്രഷറിക്ക് തിരിച്ചു ലഭിച്ചു.
14 മാസത്തിനു ശേഷമാണ് കരാറുകാരനിൽ നിന്നും തുക സർക്കാർ ഖജനാവിലേക്ക് തിരിച്ചെത്തിയത്. സാധാരണ ഗതിയിൽ സർക്കാർ നിരക്കിലെ പലിശ ഒന്പത് മുതൽ 11 ശതമാനം വരെയാണ്.
ഇതു പ്രകാരം ചുരുങ്ങിയ നിരക്കായ ഒന്പത് ശതമാനം വച്ച് ഈടാക്കിയാൽ തന്നെ സർക്കാരിന് ഒന്നേ മുക്കാൽ ലക്ഷത്തോളം ലഭിക്കണം. എന്നാൽ ഉദ്യോഗസ്ഥരുടെ അലംബാവം മൂലം സർക്കാർ ഖജനാവിൽ നിന്നും “കാണാതായ’ ലക്ഷങ്ങൾക്ക് ഒരുതരത്തിലുള്ള പലിശയും ഈടാക്കാനുള്ള നടപടികളില്ലാത്തത് വിവാദമായിട്ടുണ്ട്.
ഇതു സംബന്ധിച്ച് ധനകാര്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഖജനാവിലെ പണം കുറവുണ്ടായ സാഹചര്യത്തിൽ പദ്ധതികളെ ഇത് എങ്ങിനെ ബാധിച്ചു എന്നതാണ് പരിശോധിച്ചു വരുന്നത്.
പണത്തിന്റെ അഭാവം മൂലം നിലച്ചു പോയ വികസന പദ്ധതികൾ, ഇതിലൂടെ സർക്കാരിനുണ്ടായ നഷ്ടങ്ങൾ എന്നിവയാണ് പരിശോധിക്കുക. കരാറുകാരനിൽ നിന്നും പലിശ ഈടാക്കുക എന്നത് അപ്രായോഗികമായതിനാൽ ചെക്ക് പാസാക്കി നൽകിയ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടം ഈടാക്കുന്നതിനെ കുറിച്ചാണ് ധനകാര്യ വകുപ്പ് ആലോചിക്കുന്നത്.
2018 ഓഗസ്റ്റ് 20നാണ് ജില്ലാ പഞ്ചായത്ത് നൽകിയ രണ്ട് ലക്ഷത്തിന്റെ എക്സ്. വൈ. 2568840 നന്പർ ചെക്കിനാണ് 21ന് ജില്ലാ ട്രഷറിയിൽ നിന്നും 20 ലക്ഷം കരാറുകാരന് നൽകിയത്. പണം തിരിച്ചു പിടിക്കാൻ ട്രഷറി ഉദ്യോഗസ്ഥർ നടപടികൾ ആരംഭിക്കുന്പോഴേക്കും കരാറുകാരൻ ബാങ്കിൽ നിന്നും പണം പിൻവലിച്ചിരുന്നു.
ഇതോടെ ആരും അറിയാതെ പ്രശ്നം ഒതുക്കാനായിരുന്നു ട്രഷറി വകുപ്പിലെ ഉന്നതോദ്യാഗസ്ഥൻ കണ്ണൂർ ട്രഷറി അധികൃതരോട് നിർദേശിച്ചത്. ജീവനക്കാരനിൽ നിന്നും പിരിച്ചെടുത്തും മറ്റും പണം ട്രഷറിയിൽ അടയ്ക്കാനായിരുന്നു വാക്കാൽ നിർദേശം. ഇതിനെതിരെ ഒരു വിഭാദം ജീവനക്കാർ രംഗത്ത് വന്നിരുന്നു.
തങ്ങളുടേതല്ലാത്ത കുറ്റത്തിന് പണം വിഹിതമായി നൽകാൻ കഴിയില്ലെന്ന് ഇവർ അറിയിച്ചതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കാരാറുകാരന് മാറികിട്ടാനുള്ള ചെക്കുകൾ ട്രഷറിയിൽ വരുന്ന മുറയ്ക്ക് പണം തിരിച്ചു പിടിക്കാനുള്ള നീക്കമാണ് പിന്നീട് നടത്തിയത്.
അടുത്തിടെ കരാറുകാരന്റെ ചെക്കുകൾ ട്രഷറിയിൽ വന്നപ്പോൾ തുക നൽകാതെ വരവ് വെക്കുകയായിരുന്നു. എന്നിട്ടും 18 ലക്ഷം തികയാൻ 9660 രൂപയുടെ കുറവുണ്ടായി.
ഈ തുക കരാറുകാരനെ കൊണ്ട് പണമായി ട്രഷറി അക്കൗണ്ടിലടപ്പിച്ചാണ് കണക്ക് ശരിയാക്കിയത്. മുതൽ തുക ട്രഷറി അക്കൗണ്ടിലെത്തിയ ശേഷം ട്രഷറി അധികൃതർ പണം ജില്ലാ പഞ്ചായത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയാണ് പ്രശ്നം തീർത്തത്.