കണ്ണൂർ: തപാൽ ജീവനക്കാർ അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന പണിമുടക്ക് മൂന്നുദിവസം പിന്നിട്ടതോടെ കണ്ണൂർ ജില്ലയിലെ തപാൽ-ആർഎംഎസ് ഉരുപ്പടികളുടെ നീക്കം പൂർണമായും സ്തംഭിച്ചു. രണ്ടരലക്ഷം ഗ്രാമീണ ഡാക് സേവക് ജീവനക്കാരുടെ ശന്പള കമ്മീഷൻ റിപ്പോർട്ട് ഒന്നരവർഷമായി നടപ്പാക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് എൻഎഫ്പിഇ-എഫ്എൻപിഒയുടെ നേതൃത്വത്തിൽ ജീവനക്കാർ മേയ് 22 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്.
ആയിരക്കണക്കിന് പാസ്പോർട്ടുകൾ കണ്ണൂർ സ്പീഡ് പോസ്റ്റ് ഹബ്ബുകളിൽ കെട്ടിക്കിടക്കുകയാണ്. ഇതുമൂലം ജോലി ആവശ്യാർഥം അടിയന്തരമായി വിദേശത്തേക്ക് പോകേണ്ടുന്നവർ ആശങ്കയിലാണ്.
കണ്ണൂർ, തളിപ്പറന്പ്, തലശേരി ഹെഡ് പോസ്റ്റ് ഓഫീസുകളിൽ നാഷണൽ സേവിംഗ്സ് തടസപ്പെട്ടതോടെ കോടിക്കണക്കിന് ഇടപാടുകൾ മുടങ്ങി. മഹിളാ പ്രധാൻ ഏജന്റുമാരും നാഷണൽ സേവിംഗ്സ് ഏജന്റുമാരും സ്വരൂപിച്ച വിവിധ പദ്ധതികളിലേക്കുള്ള നിക്ഷേപങ്ങൾ അടക്കാനാവാതെ വിഷമിക്കുകയാണ്.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിവിധ സംഘടനകളെ ഏകോപിപ്പിച്ച് സംയുക്ത സമരസമിതിക്ക് രൂപം നൽകും. പണിമുടക്കിയ ജീവനക്കാർ കണ്ണൂരിൽ പ്രകടനം നടത്തി. തുടർന്നു നടന്ന പൊതുയോഗം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.വി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.വി. സുധീർകുമാർ അധ്യക്ഷത വഹിച്ചു. എം.വി. മോഹനൻ, കെ. മോഹനൻ, എ.പി. സുജികുമാർ, ഇ. മനോജ്കുമാർ, ബി.പി. രമേശൻ, ദിനു മൊട്ടമ്മൽ എന്നിവർ പ്രസംഗിച്ചു. തളിപ്പറന്പ്, പയ്യന്നൂർ, ചെറുകുന്ന് മേഖലകളിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.