താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതിയായ ജോളി ഇന്നലെ താമരശേരിയില്‍ കോടതിമുറിയിലിരുന്നത് നിസംഗതയോടെ. അവരുടെ മുഖത്ത് കാര്യമായ ഭാവമാറ്റ മുണ്ടായിരുന്നില്ല. കോടതിമുറിയില്‍ അവരുടെ ചലനങ്ങള്‍ പോലീസ് നിയന്ത്രണത്തിനനുസരിച്ചായിരുന്നു.
അവശതതോന്നിച്ചെങ്കിലും മുഖത്ത് ഭയമോ അമ്പരപ്പോ ഉണ്ടായിരുന്നില്ല. അതേസമയം അവശത പ്രകടമായിരുന്ന മാത്യുവും പ്രജികുമാറും പേടിച്ചരണ്ട അവസ്ഥയിലായിരുന്നു. കോടതിയിലെ സൈഡിലുണ്ടായിരുന്ന ബെഞ്ചില്‍ മൂവരെയും ഒരുമിച്ചാണിരുത്തിയത്. ജോളിക്കുചുറ്റും വനിതാ പോലീസ് നിലയുറപ്പിച്ചിരുന്നു.
കസ്റ്റഡിയില്‍ വിടുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് മാത്യു മാത്രമാണ് പ്രതികരിച്ചത്. ജോളിയും പ്രജികുമാറും തലയാട്ടുകമാത്രമായിരുന്നു. അരമണിക്കൂറോളമാണ് കോടതി നടപടിയുണ്ടായിരുന്നത്.
വന്‍ പോലീസ് സന്നാഹത്തോടെയാണ് ഇവരെ കോടതിയിലെത്തിച്ചത്. കോടതി പരിസരത്തും സമീപത്തെ കെട്ടിടങ്ങള്‍ക്കുമുകളിലും നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്ന ആളുകള്‍ ഇവരെ കോടതിയിലേക്ക് കൊണ്ടുവരുമ്പോഴും പുറത്തേക്കിറക്കി പോലീസ് വാഹനത്തില്‍ കയറ്റുമ്പോഴും ആരവവും കൂക്കുവിളിയുമായാണ് പ്രതികരിച്ചത്.