നാലു വര്‍ഷം നീണ്ട കാത്തിരിപ്പ്! പന്ത്രണ്ടാമത്തെ അപേക്ഷ സ്വീകരിച്ചു; റിയന്നയ്ക്ക് വോട്ട് ചെയ്യാം

ബംഗളൂരു: നാലു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭിന്നലിംഗക്കാരിയായ റിയന്നയ്ക്ക് വോട്ടവകാശം ലഭിച്ചു. 22കാരിയായ റിയന്ന പ്രായപൂര്‍ത്തിയായപ്പോള്‍ മുതല്‍ തിരിച്ചറിയല്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ തുടങ്ങിയതാണ്. എന്നാല്‍ പന്ത്രണ്ടാം തവണ അപേക്ഷിച്ചപ്പോഴാണ് ഇപ്പോള്‍ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത്.

ഭിന്നലിംഗക്കാരിയായതിനാലാണ് നാലുവര്‍ഷമായി റിയന്നയുടെ അപേക്ഷ തള്ളിപ്പോയിരുന്നത്. ഒടുവില്‍ ശാന്തിനഗര്‍ എംഎല്‍എയെ സമീപിച്ച് ബുദ്ധിമുട്ടുകള്‍ അറിയിച്ചതോടെയാണ് റിയന്നയ്ക്കു മുന്നിലെ തടസങ്ങള്‍ നീങ്ങിയത്. ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലാണ് റിയന്നയ്ക്ക് വോട്ടുള്ളത്.

ഇന്ത്യന്‍ പൗരയാണെങ്കിലും ഭിന്നലിംഗ സമൂഹത്തില്‍ നിന്നുള്ളയാളായതുകൊണ്ട് മാത്രം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും തനിക്ക് വോട്ടവകാശം ലഭിച്ചത് തന്റെ സമൂഹത്തിലെ എല്ലാവര്‍ക്കും മാതൃകയാണെന്നും റിയന്ന പറഞ്ഞു. ഭിന്നലിംഗക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന ജനപ്രതിനിധികള്‍ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും റിയന്ന കൂട്ടിച്ചേര്‍ത്തു.

ബംഗളൂരുവിലെ വീടും ജോലിയുമില്ലാത്ത ഭിന്നലിംഗക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്കാനും ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും റിയന്ന പറഞ്ഞു.

Related posts