കോട്ടയം: നാഗന്പടം റെയിൽവേ മേൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നിങ്ങുന്നു. നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ കോട്ടയത്തേക്കുള്ള പ്രവേശന കവാടമായ നാഗന്പടം ഗതാഗതക്കുരുക്കിലാണ്. മഴ ശക്തമായതാണ് നിർമാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.
മൂന്നു വർഷം മുന്പു ആരംഭിച്ചതാണ് പാലത്തിന്റെ നിർമാണം. ഇത്രയും അനന്തമായി പാലം നിർമാണം നീണ്ടുപോകുന്നതിൽ വലിയ പ്രതിഷേധം ഇതിനോടകം ഉയർന്നു കഴിഞ്ഞു. റെയിൽവേ ലൈനിനു മുകളിലൂടെയുള്ള പാലത്തിന്റെ നിർമണം നേരത്തെ പൂർത്തിയാക്കിയതാണ്.
ഇനി പൂർത്തിയാകാനുള്ളത് ഇരുവശത്തെയും അപ്രോച്ച് റോഡുകളുടെ പണികളാണ്. സീസർ പാലസ് ജംഗ്ഷനിൽ നിന്നും പാലത്തിലേക്കു കയറുന്ന അപ്രോച്ച് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയിട്ടു ദിവസങ്ങളായി .ഇവിടെ നിരത്തുന്നതിനായി മെറ്റൽ ഇറക്കിയിട്ടിരിക്കുകയാണ്. ഇന്നലെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ വെറും മൂന്നു ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്.
നിർമാണം വേഗത്തിൽ പൂർത്തിയാക്കി ചിങ്ങത്തിൽ പാലം തുറുന്നു കൊടുക്കാനാണു അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലത്തെ സ്ഥിതിയിലാണു നിർമാണ പ്രവർത്തനങ്ങൾ നീങ്ങുന്നതെങ്കിൽ ഉടനെയൊന്നും പാലം തുറക്കുന്ന ലക്ഷണമില്ല. ഇവിടുത്തെ ഗതാഗതക്കുരുക്കും ഇടുങ്ങിയ റോഡിന്റെ ശോച്യാവസ്ഥയും മൂലം ജനം വലയുകയാണ്. ഇടുങ്ങിയ റോഡിലുടെ വാഹനങ്ങൾ കടന്നു പോകാൻ കുറഞ്ഞതു അരമണിക്കൂറെങ്കിലും എടുക്കുമെന്നു ഡ്രൈവർമാർ പറയുന്നു.
രാത്രികാലങ്ങളിൽ വാഹനങ്ങൾ കുറവായിട്ടു പോലും തടിലോറികൾ ഉൾപ്പെടെയുള്ളവ എത്തുന്പോൾ മറ്റു വാഹനങ്ങൾ ഏറെ സമയമെടുത്താണു കടന്നുപോകുന്നത്. ചില ദിവസങ്ങളിൽ ഇവിടെ വാഹനങ്ങൾ കേടാകുന്നതും വാഹനങ്ങൾ തമ്മിൽ ഉരസുന്നതും പതിവാണ്. ഇതോടെ കോട്ടയം മുഴുവൻ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.