എസ്.ആർ.സുധീർകുമാർ
കൊല്ലം: രാജ്യത്തെ നടുക്കിയ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് മൂന്നു വർഷം തികയുന്നു. 2016 ഏപ്രിൽ പത്തിന് പുലർച്ചെ മൂന്നോടെയാണ് അപകടം നടന്നത്. മീനഭരണി ഉത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ കമ്പപ്പുരയ്ക്ക് തീപിടിച്ച് വൻ സ്ഫോടനം ഉണ്ടായാണ് 110 പേർ ദാരുണമായി കൊല്ലപ്പെട്ടത്.
ദുരന്തം നടന്ന് മൂന്നു വർഷം പൂർത്തിയാകുമ്പോഴും കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് ഇതുവരെയും കുറ്റപത്രം സമർപ്പിക്കാൻ ആയിട്ടില്ല എന്നതാണ് വിചിത്രമായ വസ്തുത.കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എസ്പി ജി. ശ്രീധരനായിരുന്നു. അദ്ദേഹം അഞ്ച് മാസം മുമ്പ് സർവീസിൽ നിന്ന് വിരമിച്ചു.
സ്ഫോടക വസ്തു നിരോധിത നിയമ പ്രകാരമുള്ള കേസ് ആയതിനാൽ കുറ്റപത്രം സമർപ്പിക്കുന്നതിന് ജില്ലാ കളക്ടറുടെ അനുമതി തേടേണ്ടതുണ്ട്.കളക്ടറുടെ അനുമതി തേടി രണ്ടു മാസം മുമ്പ് കുറ്റപത്രം ജില്ലാ ഭരണകൂടത്തിന് കൈമാറിയതായി പ്രോസിക്യൂഷൻ പറയുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് ജില്ലാ കളക്ടറുടെ നിലപാട്.
പോലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും നിലപാടിലെ വൈരുദ്ധ്യങ്ങൾ കേസിന്റെ തുടക്കം മുതലേ ഉണ്ടെന്നുള്ളതാണ് യാഥാർഥ്യം. വെടിക്കെട്ടിന് അനുമതി നൽകിയത് ആരാണ് എന്ന കാര്യത്തിൽ പോലും ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.കേസിന്റെ ഭാഗമായി ആയിരത്തോളം തെളിവുകൾ ആണ് അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുള്ളത്. പരിക്കേറ്റവർ അടക്കം 1500 പേരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം കേസിൽ നിർണായകമാകും എന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
അന്തിമ നിയമോപദേശം തേടിയ ശേഷം സംസ്ഥാന ഡിജിപി ലോക്നാഥ് ബഹ്റ കഴിഞ്ഞ നവംബർ 28 ന് കുറ്റപത്ര സമർപ്പണത്തിന് അനുമതി നൽകുകയുണ്ടായി. ഒന്നാം ഘട്ട കുറ്റപത്രം ആയിരിക്കും ഇതെന്നും സൂചനകൾ ഉണ്ടായിരുന്നു. ഇതാണ് കളക്ടറേറ്റിൽ ഫയലിൽ ഉറങ്ങുന്നത്. ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥന്റെ വിരമിക്കലിനുശേഷം പിന്നീട് വന്ന എസ്പി റഷീദ് അന്വേഷണം ഏറ്റെടുത്തങ്കിലും പിന്നീട് ചുമതലയിൽ നിന്ന് മാറ്റി. തുടർന്ന് വന്ന എസ്പി ഇ.കെ.സാബുവും അന്വേഷണം തുടർന്നെങ്കിലും അദ്ദേഹത്തെ പാലക്കാടിന് സ്ഥലം മാറ്റിയിരിക്കുകയാണ്.
നിലവിൽ അദ്ദേഹത്തിന് തന്നെയാണ് ഇപ്പോഴും അന്വേഷണ ചുമതല.ദുരന്തം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് പി.എസ്. ഗോപിനാഥനെ കമ്മീഷനായി നിയമിച്ച് ടേംസ് ഒഫ് റഫറൻസും നിശ്ചയിച്ച് കൈമാറുകയുണ്ടായി. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലും പരവൂർ മുനിസിപ്പൽ ഓഫീസിലും കമ്മീഷന്റെ എറണാകുളത്തെ ആ സ്ഥാന മന്ദിരത്തിലും സിറ്റിംഗുകളും നടന്നു. കമ്മീഷൻ ഇതുവരെ സർക്കാരിന് റിപ്പോർട്ട് സമർപ്പിപ്പിച്ചിട്ടില്ല. കമ്മീഷന്റെ കാലാവധി ഇപ്പോൾ ദീർഘിപ്പിച്ച് നൽകിയിട്ടുമുണ്ട്.
അതേ സമയം കേന്ദ്ര സർക്കാരും സമാന്തരമായി അന്വേഷണം നടത്തി. ചെന്നെയിലെ ചീഫ് എക്സ്പ്ലോസീവ് കൺട്രോൾ എ.കെ. യാദവ് അധ്യക്ഷനായ സമിതിക്കായിരുന്നു അന്വേഷണ ചുമതല.അവർ യുദ്ധകാലാടിസ്ഥാനത്തിൽ അന്വേഷണവും സിറ്റിംഗും നടത്തി റിപ്പോർട്ട് സർക്കാരിന് കൈമാറിയെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ലെന്നുള്ളത് മറ്റൊരു കാര്യം.പോലീസ് – റവന്യൂ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ കൃത്യമായി അക്കമിട്ട് നിരത്തുന്നതായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടും ചുവപ്പുനാടയിൽ കുരുങ്ങി പൊടിപിടിച്ച് കിടക്കുകയാണ്.