രാജ്യത്ത് മയക്കുമരുന്ന് വേട്ട തുടരുന്നു. കരിപ്പൂര് വിമാനത്താവളം വഴി കടത്താന് ശ്രമിച്ച 30 കോടി വില മതിക്കുന്ന 4.9 കിലോഗ്രാം ഹെറോയിനുമായി വിദേശ വനിത പിടിയിലായി.
ആഫ്രിക്കന് രാജ്യമായ സാംബിയയില്നിന്നുള്ള ബിശാലാ സോകോ(40) ആണ് ലഹരിമരുന്നുമായി പിടിയിലായത്. ദോഹയില്നിന്ന് ഇന്നലെ പുലര്ച്ചെ 2.25നു കരിപ്പൂരില് എത്തിയ ഖത്തര് എയര്വേയ്സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു ഇവര്.
രഹസ്യ വിവരത്തെത്തുടര്ന്നു കോഴിക്കോട്ടുനിന്നുള്ള ഡിആര്ഐ സംഘം പുലര്ച്ചെ കരിപ്പൂരില് എത്തുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവരുടെ ലഗേജ് വീണ്ടും പരിശോധിപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
പെട്ടിക്കുള്ളില് ഒളിപ്പിച്ച മൂന്ന് പാക്കറ്റുകളിലായിരുന്നു ഹെറോയിന്. ഹെറോയിന് കടത്തിയത് ആര്ക്കുവേണ്ടിയാണെന്ന് ഇവര് വ്യക്തമാക്കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര് പറഞ്ഞു. കിലോഗ്രാമിന് ആറരക്കോടി രൂപയാണ് ഏകദേശ വില.
ഇവര് കടത്തിയ മയക്കുമരുന്ന്് വാങ്ങാനെത്തിയവര് സംഭവം പുറത്തറിഞ്ഞതോടെ മുങ്ങി. വിമാനത്താവളത്തില് ഹെറോയിന് എത്തിക്കുന്ന ചുമതല മാത്രമേ തനിക്കുണ്ടായിരുന്നുള്ളുവെന്ന് ഇവര് പറഞ്ഞു.
വിമാനത്താവളത്തിനു പുറത്തിറങ്ങുന്നതിനു മുന്പ് ഇവര് പിടിയിലായ വിവരം, കടത്തു സംഘത്തിനു ലഭിച്ചിരിക്കാം എന്നാണു കരുതുന്നത്. രാജ്യാന്തര ലഹരി സംഘത്തിലെ കാരിയര് ആകാമെന്നും ഹെറോയിന് കേരളത്തിനു പുറത്തേക്കുള്ളത് ആകാമെന്നും സൂചനയുണ്ട്. ആഫ്രിക്കന് രാജ്യങ്ങളില്നിന്ന് കോഴിക്കോട് വിമാനത്താവളത്തില് ഒട്ടേറെ യാത്രക്കാര് എത്താറുണ്ട്.
ഇതും കരിപ്പൂരിലെ യാത്രക്കാരുടെ തിരക്കും കണക്കിലെടുത്ത് ഹെറോയിന് കടത്താന് വിമാനത്താവളം തിരഞ്ഞെടുത്തതാകാമെന്നും കരുതുന്നു.
യുവതി മുന്പ് കരിപ്പൂരില് എത്തിയിട്ടുണ്ടോ, കേരളത്തില് മറ്റേതെങ്കിലും വിമാനത്താവളത്തില് വന്നിരുന്നോ, സംഘത്തില്പെട്ടവരുടെ വിവരങ്ങള് എന്നിവ അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര് പറഞ്ഞു.
പുലര്ച്ചെ പിടികൂടിയെങ്കിലും രാത്രിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര് യാത്രക്കാരിയുമായി വിമാനത്താവളത്തില്നിന്നു പുറത്തിറങ്ങിയത്. മലപ്പുറം കോടതിയില് ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര് പറഞ്ഞു.