പത്തനംതിട്ട: മൃതദേഹം സംസ്കരിക്കാതെ ചിറ്റാര് കുടപ്പനക്കുളം പടിഞ്ഞാറെ ചരുവില് മത്തായിയുടെ കുടുംബം നടത്തുന്ന പോരാട്ടം ഇന്ന് ഒരുമാസം പിന്നിടുകയാണ്.
ഒരുപക്ഷേ നിയമപോരാട്ട ചരിത്രത്തില് അപൂര്വതകളും സമാനതകളില്ലാത്തതുമായ ഒന്നായി ഇതു മാറുകയാണ്. ഭര്ത്താവിന്റെ മൃതദേഹം മോര്ച്ചറിയില് കാത്തുസൂക്ഷിക്കുകയും വീട്ടില് കിടക്കവിരിച്ച് അതില് ഫോട്ടോയും
തിരിയും വച്ച് ഒരുമാസത്തോളം എല്ലാ പ്രാര്ഥനകളും നടത്തേണ്ടിവരികയും ചെയ്യുന്ന അനുഭവത്തിലാണ് മത്തായിയുടെ ഭാര്യ ഷീബാമോളും മക്കളായ ഡോണയും സോണയും വയോധികയായ മാതാവും.
രണത്തിനുശേഷമുള്ള 30 -ാംദിന കുര്ബാനയും അനുസ്മരണ ശുശ്രൂഷയും നടക്കേണ്ട ദിനമാണിന്ന്. മൃതദേഹം സംസ്കരിച്ചിട്ടില്ലാത്തതിനാല് കല്ലറയ്ക്കല് ഇതു നടത്താനാകില്ല. വീട്ടില് പ്രാര്ഥന നടത്തി മത്തായിയുടെ ആത്മാവിന് നിത്യശാന്തി നേരുകയാണ് കുടുംബാംഗങ്ങള്.
കുടപ്പന പടിഞ്ഞാറെചരുവില് കര്ഷകന് പി.പി. മത്തായി (പൊന്നു 41)വിനെ കഴിഞ്ഞ ജുലൈ 28നു വൈകുന്നേരമാണ് ചിറ്റാറില് നിന്നെത്തിയ വനപാലകര് വീട്ടില് നിന്നു വിളിച്ചിറക്കി കൊണ്ടുപോകുന്നത്. അന്നു വൈകുന്നേരത്തോടെ മത്തായിയുടെ മൃതദേഹം കുടുംബവീടിന്റെ കിണറ്റിലും കണ്ടെത്തി.
വനാതിര്ത്തിയിലെ കാമറ തകര്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് മത്തായിയെ വനപാലകര് കസ്റ്റഡിയിലെടുത്തതെന്നു പറയുന്നു. നീതിക്കുവേണ്ടി അന്നു മുതല് പോരാട്ടത്തിലാണ്. സംസ്കാരം നടക്കണമെങ്കില് മത്തായിയുടെ മരണത്തിനുത്തരവാദികള് അകത്താകണമെന്ന ഉറച്ച തീരുമാനം വന്നു.
പോലീസ് അന്വേഷണം എങ്ങുമെത്തില്ലെന്നായപ്പോള് ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം എന്ന ആവശ്യം കഴിഞ്ഞ 21ന് ഹൈക്കോടതി അംഗീകരിച്ചു. സര്ക്കാരും ഇതിനു സമ്മതം അറിയിച്ചതോടെ ഇനി പ്രതീക്ഷ സിബിഐയിലാണ്. ഹൈക്കോടതിയില് മത്തായിയുടെ മൃതദേഹം റീ പോസ്റ്റുമോര്ട്ടം ചെയ്യണമെന്ന തീരുമാനം അറിയിച്ചിട്ടുണ്ട്.
ഇത്രയും കാലം കാത്തുവച്ച മൃതദേഹം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില് റീ പോസ്റ്റുമോര്ട്ടം ചെയ്യാനുള്ള കാത്തിരിപ്പാണിനിയും. സിബിഐ അന്വേഷണസംഘത്തെ ഇന്നലെ തീരുമാനിച്ചു. ഇന്നു മുതല് അന്വേഷണം ഈ സംഘം ആരംഭിക്കുമെന്നാണ് സൂചന.
മത്തായിയുടെ ഭാര്യയില് നിന്നും സഹോദരന് വില്സണില് നിന്നും പ്രാഥമിക വിവരങ്ങള് സിബിഐ തേടിയിരുന്നു.