ദക്ഷിണാഫ്രിക്കയില്‍ എച്ച്ഐവി ബാധിതയായ 36കാരിയുടെ ശരീരത്ത് കൊവിഡ് വൈറസ് നിലനിന്നത് 216 ദിവസമെന്ന് റിപ്പോര്‍ട്ട്. എച്ച്ഐവി രോഗബാധയുടെ അഡ്വാന്‍സ് സ്റ്റേജില്‍ കഴിയുന്ന യുവതിയുടെ ശരീരത്തില്‍ വച്ച് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതായും കണ്ടെത്തി.
30 തവണയിലേറെയാണ് വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചത് എന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍ ദക്ഷിണാഫ്രിക്കയിലെ ഗവേഷകരാണ് നടത്തിയത്.
മെഡിക്കല്‍ ജേണലായ മെഡ് ആര്എക്സ്ഐവിയിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2006ലാണ് യുവതിക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ക്രമേണ രോഗപ്രതിരോധശേഷി കുറയാന്‍ തുടങ്ങി.
2020 സെപ്റ്റംബറിലാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ശരീരത്തില്‍ 216 ദിവസമാണ് കോവിഡ് വൈറസ് കഴിഞ്ഞത്. അതിനിടെ 30ലേറെ തവണ വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ജനിതമാറ്റം ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡ് വകഭേദമായ ബി.1.351ന്റെ ഭാഗമായ എന്‍ 510വൈയും ബ്രിട്ടനില്‍ കണ്ടെത്തിയ ആല്‍ഫ വകഭേദത്തിന്റെ ഭാഗമായ ഇ484കെയും ഇവരുടെ ശരീരത്തില്‍ കണ്ടെത്തി.
എന്നാല്‍ ഈ ജനിതമാറ്റം മറ്റുള്ളവരിലേക്ക് പകര്ന്നുവോ എന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വൈറസ് നിലനില്‍ക്കാനുള്ള അപകട സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പുതിയ വിവരം.