ലോകത്തെ കാത്തിരിക്കുന്നത് കൊറോണയേക്കാള് വലിയ ദുരന്തമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്. അടുത്തിടെ അന്റാര്ട്ടിക്കയില് 300 ചതുരശ്ര കിലോമീറ്റര് നീളത്തിലാണ് മഞ്ഞുപാളി അടര്ന്നുവീണ് പൊടിഞ്ഞത്. കൊടും തണുപ്പിന്റെ കേന്ദ്രമെന്ന വിശേഷണം അന്റാര്ട്ടിക്കയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.
ചൂട് അളന്നാല് 18.3 ഡിഗ്രി വരെയാണിപ്പോള്. മഞ്ഞുപാളികള് ഉരുകിവീഴുന്ന പ്രതിഭാസം തുടങ്ങിയിട്ട കുറെയായെങ്കിലും ഇപ്പോള് യൂറോപ്പ്യന് ബഹിരാകാശ ഏജന്സി ESA പുറത്തുവിടുന്ന ദൃശ്യങ്ങള് ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
ഏകദേശം 300 ചതുരശ്ര കിലോമീറ്റര് നീളം വരുന്ന കൂറ്റന് മഞ്ഞുപാളിയാണ് അന്റാര്ട്ടിക്കയിലെ പൈന്ദ്വീപില് അടര്ന്ന് മാറിയത്. അടര്ന്ന് വീണ ഉടന് അത് പൊട്ടിത്തകരുകയും ചെയ്തു. അനിയന്ത്രിതമായ ചൂടാണ് മഞ്ഞുപാളികള്ക്ക് ഭീഷണിയാവുന്നത്.
ആഗോളതാപനത്തിന്റെ ഫലമായി ദക്ഷിണധ്രുവത്തിലാണ് ഏറ്റവുമധികം മഞ്ഞുരുകല് എന്നാണ് ലോക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ വിലയിരുത്തല്. അടര്ന്നുവീണയുടന് കൂറ്റന്പാളികള് അതിവേഗം ഉരുകുന്നു എന്നതാണ് ഏറെ ഭയപ്പെടുത്തുന്നത്.
ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില് ഇങ്ങനെ മഞ്ഞുപാളികള് ഉരുകുന്നതു മൂലം നൂറ്റാണ്ടുകള്ക്ക് ശേഷം സമുദ്രനിരപ്പ് 10 അടികൂടി ഉയരും. കരുതലും സംരക്ഷണവും ഏറെയുണ്ടാകണം എന്ന വലിയ മുന്നറിയിപ്പാണ് ഈ മഞ്ഞുരുകല്.