അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കിരാത ഭരണം തുടങ്ങിയതോടെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ അതിദാരുണമായെന്നാണ് ലോകം വിലയിരുത്തുന്നത്.
എന്നാല്‍ അതേസമയം താലിബാന് സര്‍ക്കാരിനെ പിന്തുണച്ച് പ്രകടനം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍.മുഖവും ശരീരവും പൂര്‍ണമായും മൂടുന്ന വസ്ത്രം ധരിച്ച് 300 സ്ത്രീകള്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കാബൂള്‍ യൂണിവേഴ്സിറ്റി പ്രഭാഷണ തിയറ്ററില്‍ നടത്തിയ ചടങ്ങിലാണ് സ്ത്രീകള്‍ പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താലിബാന് പതാക വീശി, നയങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു.
താലിബാന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ രോഷം കനത്തതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയം. താലിബാന്റെ പുതിയ വിദ്യാഭ്യാസ നയവും വന്നിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലകളില്‍ പ്രത്യേക ക്ലാസ് മുറികളുണ്ടാകും. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അധ്യാപികമാര്‍ മാത്രം ആയിരിക്കും.
വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കണം. താലിബാന് സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബഖി ഹഖാനി ആണ് വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്. രാജ്യത്ത് ആവശ്യത്തിന് അധ്യാപികമാരുള്ളത് ഭാഗ്യമായെന്നും ഹഖാനി പറഞ്ഞു.
അത്യാവശ്യ ഘട്ടങ്ങളില്‍ അധ്യാപകരുടെ ക്ലാസില്‍ പെണ്‍കുട്ടികള്‍ക്ക് ഇരിക്കേണ്ടിവന്നാല്‍ ശരിയത്ത് പ്രകാരമുള്ള വേഷം ധരിച്ചിരിക്കണം ആണ്‍കുട്ടികള്‍ ഉള്ള ക്ലാസ് മുറികളാണെങ്കില്‍ രണ്ടായി തിരിച്ചിരിക്കണം.
സിസിടിവി വഴിയും ക്ലാസ് നടത്താം. ഇസ്ലാമിക രീതിയിലുള്ള വേഷം നിര്‍ബന്ധമാണെന്ന് മാധ്യമസമ്മേളനത്തില്‍ പറഞ്ഞ ഹഖാനി പക്ഷേ മുഖംമറയ്ക്കണമോ എന്ന കാര്യം വ്യക്തമാക്കിയില്ല.
കരിക്കുലത്തില്‍ മാറ്റം വരുത്തും. 20 വര്‍ഷം മുന്‍പ് താലിബാന് ഭരണം നടത്തിയപ്പോള്‍ സ്ത്രീകള്‍ക്ക് പുറത്തുപോകാനോ പഠിക്കാനോ അനുവാദം ഉണ്ടായിരുന്നില്ല.
‘താലിബാന് യൂണിവേഴ്സിറ്റി’ എന്നറിയിപ്പെടുന്ന പാക്കിസ്ഥാനിലെ ഹഖാനിയ സെമിനാരിയില്‍ ആണ് താന്‍ പഠിച്ചതെന്ന് താലിബാന് വക്താവ് സബിയുല്ല മുജാഹിദ് വെളിപ്പെടുത്തി.
ഇപ്പോഴത്തെ പല മന്ത്രിമാരും അവിടെ പരിശീലനം ലഭിച്ചവരാണെന്നും പാക്ക് സര്‍ക്കാര്‍ അതിന് ധനസഹായം നല്‍കിയിരുന്നതായും മുജാഹിദ് വെളിപ്പെടുത്തി.
ഇതിനിടെ കാബൂളിലെ ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് കാബൂള്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റി.
മുന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് ദോസ്തം താമസിച്ചിരുന്ന ആഡംബര ബംഗ്ലാവ് താലിബാന് സംഘം പിടിച്ചെടുത്തു. ഇതിനിടെ 12 അഫ്ഗാന് പെണ്‍കുട്ടികള്‍ താലിബാന്റെ വിലക്ക് മറികടന്ന് എയര്‍പോര്‍ട്ടില്‍ ജോലിയ്ക്കെത്തിയതായുള്ള റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.