ബ്ലൂ വെയിൽ ഗെയിമിന് സമാനമായ ഗെയിം കളിച്ച് ഇറ്റലിയിൽ പതിനൊന്നുകാരൻ ജീവനൊടുക്കിയെന്ന് റിപ്പോർട്ട്.
ഇറ്റലിയിലെ നേപ്ലസിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ പത്താം നിലയിലെ ജനലിൽനിന്നു ചാടിയാണ് ജീവനൊടുക്കിയത്.
‘അച്ഛനെയും അമ്മയേയും ഞാൻ സ്നേഹിക്കുന്നു. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം’- എന്ന കുറിപ്പ് മാതാപിതാക്കൾക്ക് എഴുതിവച്ചതിനു ശേഷമാണ് കുട്ടി ജീവനൊടുക്കിയത്.
കുട്ടി ഉദേശിച്ചിരിക്കുന്ന തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യൻ ആത്മഹത്യ ഗെയിലെ കഥാപാത്രമായ ജോന്നാഥൻ ഗലിൻഡോയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
വെല്ലുവിളിച്ച് ഗലിൻഡോ
കുട്ടികളെ കൊണ്ട് ഭീകരവും അപകടകരവുമായ പ്രവർത്തികൾ ചെയ്യിക്കുന്ന മനുഷ്യസ്ത്രീയുടെയും നായയുടെയും സമ്മിശ്ര മുഖമുള്ള കഥാപാത്രമാണ് ഗലിൻഡോ.
കളിക്കാരന്റെ സോഷ്യൽ മീഡിയയിലേക്ക് ഗലിൻഡോയെ ചേർക്കുന്നതോടെയാണ് ഗെയിം ആരംഭിക്കുന്നത്. അർധരാത്രി എഴുന്നേൽക്കുക, പ്രേത സിനിമകൾ കാണുക എന്നീ ടാസ്കുകളിലൂടെയാണ് ഗെയിം ആരംഭിക്കുന്നത്.
എന്നാൽ പിന്നീട് കളിക്കാരെ സ്വയം മുറിവേൽപ്പിക്കാൻ ഉൾപ്പെടെ ഗലിൻഡോ പ്രേരിപ്പിക്കുന്നതിലൂടെ ഗെയിം വേറൊരു തലത്തിലേക്ക് മാറും. സ്വയം മരണംവരിക്കുക എന്നതാണ് അവസാന ചാലഞ്ച്.
ബ്ലൂവെയിൽ, മോമോ…
അന്പത് ടാസ്കുകൾ 50 ദിവസം കൊണ്ട് കളിച്ച് തീർക്കുക എന്നതായിരുന്നു ബ്ലൂവെയിൽ ഗെയിം. അന്പതാമത്തെ ടാസ്ക് സ്വയം മരണംവരിക്കുക എന്നതായിരുന്നു.
2015-ൽ ആരംഭിച്ച ഈ ഗെയിമിന്റെ ഭാഗമായി 130 ഒാളം ആളുകൾ ജീവനൊടുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേരളത്തിലും ബ്ലൂവെയിൽ കളിക്കുന്ന കൗമാരക്കാർ പിടിയിലായിരുന്നു.
വാട്സ്ആപ്പിൽ കൂടെയുള്ള മോമോ ചാലഞ്ച് 2018ൽ റിപ്പോര്്്ട്ട് ചെയ്തിരുന്നു. ഇതിൽ മോമോ എന്ന സാങ്കൽപ്പിക കഥാപാത്രം വാട്സ്ആപ്പിലെത്തി ഭയപ്പെടുത്തുന്ന ചിത്രങ്ങളും അക്രമാസക്തമായ സന്ദേശങ്ങളും ഉപയോക്താക്കൾക്ക് അയച്ച് കൊടുക്കുകയായിരുന്നു.
എന്നാൽ പിന്നീട് ഇതൊരു തട്ടിപ്പാണെന്ന് കണ്ടെത്തിയിരുന്നു.