തലപ്പുഴ: റേഷൻ കടയിൽനിന്നു വാങ്ങിയ അരിയിൽ പാമ്പിന്റെ ജഡം. മുതിരേരി കരിമത്ത് പണിയ കോളനിയിലെ ബേബിയുടെ കുടുംബത്തിനു കിട്ടിയ അരിയിലാണ് പാമ്പിന്റെ ഉണങ്ങിയ ജഡം കണ്ടത്.
ഇവർക്ക് 50 കിലോ അരിയാണ് റേഷൻ വിഹിതമായി കിട്ടിയത്. ഇതിൽനിന്ന് ഏകദേശം 30 കിലോ ഉപയോഗിച്ചിരുന്നു.
അരിയിൽനിന്ന് രൂക്ഷഗന്ധം വന്നതോടെ പരിശോധിച്ചപ്പോഴാണ് അടിയിൽ പാമ്പിന്റെ ഉണങ്ങിയ ജഡം കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു.
വേർഹൗസിൽനിന്നു ലഭിച്ച അരി ബേബി കൊണ്ടുവന്ന ചാക്കിലേക്ക് അതേപടി പകർന്നു നൽകുകയാണു ചെയ്തതെന്ന് റേഷൻ കടയുടമ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ഇതിനായി റേഷൻ കടയിൽ പരിശോധന നടത്തും.
റേഷനരി എപ്പോൾ എത്ര അളവിൽ വാങ്ങി എന്നൊക്കെ പരിശോധിക്കും. ഇതിനു ശേഷം മാത്രമേ പാമ്പ് എങ്ങനെ റേഷനരിയിൽ എത്തി എന്നതടക്കം വ്യക്തമാകുകയുള്ളു.
ഇതേ സമയം മറ്റു ജില്ലകളിൽ റേഷൻ കടകൾ വഴി ഗുണമേന്മ കൂടിയ അരി വിതരണം ചെയ്യുമ്പോൾ വയനാട്ടിൽ ഗുണം കുറഞ്ഞ അരി വിതരണം ചെയ്യുന്നതായി നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു.
ഇത്തരം അരി വയനാട്ടിൽ എത്തിച്ച് ആദിവാസികൾക്കടക്കം വിതരണം ചെയ്യുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്.