കൊച്ചി: ആംബുലന്‍സുകള്‍ അടക്കമുള്ള അടിയന്തര യാത്രാ സംവിധാനങ്ങളില്‍ ട്രാഫിക് സിഗ്‌നലുകള്‍ തടസമാകുന്നതിന് ഉത്തമ പരിഹാരമൊരുക്കിയ സെന്റര്‍ ഓഫ് സോഷ്യല്‍ ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ ഓഫ് രാജഗിരിയിലെ അംഗങ്ങള്‍ക്കു കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജിയുടെയും മാനേജ്‌മെന്റിന്റെയും ആദരം. ട്രാഫിറ്റൈസര്‍ ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭത്തിലൂടെ പുത്തന്‍ സാങ്കേതികവിദ്യ ഒരുക്കിയ രാജഗിരിയിലെ എംടെക് പൂര്‍വ വിദ്യാര്‍ഥികളായ എം. മുഹമ്മദ് ജാസിം, മുഹമ്മദ് സാദിഖ് എന്നിവരെയാണ് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഫാ. ജോസ് അലക്‌സ് ഒരുതായപ്പിള്ളി ഉപഹാരം നല്‍കി ആദരിച്ചത്. തുടര്‍ന്നു സംരംഭകരംഗത്തെ തങ്ങളുടെ അനുഭവങ്ങള്‍ ഇരുവരും പങ്കുവച്ചു.
കോളജ് കാമ്പസില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ഉണ്ണികൃഷ്ണന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍ എം. ജോര്‍ജ്, സെന്റര്‍ ഓഫ് സോഷ്യല്‍ ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ ഓഫ് രാജഗിരി എച്ച്ഒഡി റിജിന്‍ ജോണ്‍ എന്നിവരും സന്നിഹിതരായിരുന്നു. കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കുന്നില്ല എന്നതാണു രാജ്യത്തെ അപകട മരണനിരക്ക് ഒരു പരിധിവരെ വര്‍ധിപ്പിക്കുന്നതെന്ന തിരിച്ചറിവാണു മുഹമ്മദ് ജാസിമിനെയും മുഹമ്മദ് സാദിഖിനെയും ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
അടിയന്തര സഹായമെത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ എത്തുമ്പോള്‍ ട്രാഫിക് സിഗ്‌നലുകള്‍ സ്വയം പച്ച തെളിയുകയും ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്കു ഗതാഗതക്കുരുക്ക് ഇല്ലാതാവുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. സ്മാര്‍ട്ട്‌ഫോണിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് ട്രാഫിറ്റെസര്‍ ടെക്‌നോളജീസിന്റെ സംഭാവന. ഇതുവഴി അടിയന്തിര സാഹചര്യം നേരിടുന്ന വാഹനം ട്രാഫിക് സിഗ്‌നലിന് നിശ്ചിത ദൂരം എത്തുമ്പോള്‍, ട്രാഫിക് സിഗ്‌നല്‍ സ്വയം വാഹനത്തിന് അനുകൂലമായി മാറും.
ഒരേ സമയം ഒന്നില്‍ കൂടുതല്‍ അടിയന്തിര വാഹനങ്ങള്‍ ഒരേ സിഗ്‌നലില്‍ എത്തുമ്പോള്‍, ഏത് വാഹനത്തിനാണോ ആദ്യം മുന്‍ഗണന ലഭിക്കേണ്ടത് എന്നത് അടക്കമുള്ള ബുദ്ധിപരമായ തീരുമാനങ്ങള്‍ സ്വയം എടുക്കാനുള്ള കഴിവും ഈ ആപ്ലിക്കേഷനുണ്ട്. ഗതാഗത സംവിധാന രംഗത്ത് ഭാവിയില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഈ കണെ്ടത്തലിനുള്ള പേറ്റന്റിനുള്ള നടപടിക്രമങ്ങളുടെ അവസാനഘട്ടത്തിലാണ് നിലവില്‍ ട്രാഫിറ്റൈസര്‍ ടെക്‌നോളജീസ്. 2012 മുതലാണ് പുതിയ പദ്ധതിയെ കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും ഇരുവരും ആരംഭിച്ചത്. പദ്ധതി ഗുണകരമെന്ന് കണ്ടതോടെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ദി ഇന്‍ഡസ് എന്റര്‍പ്രെണേഴ്‌സും (ടിഐഇ) രംഗത്തെത്തി.
പദ്ധതി പൂര്‍ണമായും വിജയത്തിലെത്തിക്കുന്നതിനായി സാമ്പത്തികമായ പിന്തുണയും ട്രാഫിറ്റൈസര്‍ ടെക്‌നോളജീസിന് ടിഐഇ നല്‍കി. ടിഐഇ കേരളയിലെ അംഗങ്ങള്‍ കൂടിയായ ഈ യുവ സംരംഭകര്‍ തങ്ങളുടെ ആശയം നിരവധി വേദികളില്‍ അവതരിപ്പിച്ച് ഇതിനകം കയ്യടി വാങ്ങിക്കഴിഞ്ഞു. ഒരു നൂതന ആശയം വിജയകരമാക്കുന്നതില്‍ പങ്കാളികളാവുകയും വന്‍കിട കമ്പനികള്‍ ആ ആശയത്തിന്റെ ഭാഗമാകാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ടിഐഇ കേരള പ്രസിഡന്റും ഇവൈയുടെ ഡയറക്ടറുമായ രാജേഷ് നായര്‍ പ്രതികരിച്ചു. ട്രാഫിറ്റൈസര്‍ ടെക്‌നോളജീസ് പോലുള്ള കമ്പനികള്‍ക്ക് മൂലധനം കണെ്ടത്തുന്നതിനും പിന്തുണ നല്‍കുന്നതിനുമായി ടിഐഇ കേരളയുടെ നേതൃത്വത്തില്‍ ‘കേരള ഏഞ്ചല്‍ നെറ്റുവര്‍ക്ക്’ എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.