
ഇൻഡോർ: ആണ്‍കുട്ടികളോട് സംസാരിച്ചതിന് വിദ്യാർത്ഥിനികളെ മർദ്ദിച്ച സ്വകാര്യ ബാങ്ക് മാനേജർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തിയാണ് അമർജീത് സിങ് എന്നയാൾ മർദ്ദിക്കുകയും ശകാരിക്കുകയും ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റലിന് പുറത്തെത്തിയ ആണ് സുഹൃത്തുക്കളുമായി എംബിഎ വിദ്യാർഥിനികൾ സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് അമർജീത് സിങ് എത്തിയത്.
ശകാരവർഷം നടത്തിയ ശേഷം വിദ്യാർഥിനികളെ അകാരണമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇവരെ പിന്തുടർന്ന് ഹോസ്റ്റലിനകത്തേക്ക് കടന്നും മർദ്ദിച്ചു. ആണ്‍കുട്ടികളുമായും തർക്കമുണ്ടായി.
പെണ്‍കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപത്താണ് അമർജീത് സിങും താമസിക്കുന്നത്. ആണ്‍സുഹൃത്തുക്കൾ ഹോസ്റ്റലിൽ താമസിക്കുന്ന പെണ്‍കുട്ടികളുമായി സംസാരിക്കുന്നത് ഇയാളെ അലോസരപ്പെടുത്തിയിരുന്നതായി ഒരു സമീപവാസി പറഞ്ഞു.
വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് പോലീസ് അറിയിച്ചു. അമർജിത് സിംഗിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പരാതിയിൽ ഹോസ്റ്റലിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.