ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന പത്താം ക്ലാസ് പരീക്ഷയില്‍ ഒരു കുട്ടി പോലും വിജയിക്കാതിരുന്ന 34 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടാനൊരുങ്ങി അസം സര്‍ക്കാര്‍.
34 സ്കൂളുകളിലായി ആയിരത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയെങ്കിലും ഒരാള്‍പോലും വിജയിച്ചില്ല.
അടച്ചു പൂട്ടുന്ന സ്കൂളുകള്‍ സമീപത്തെ സര്‍ക്കാര്‍ സ്കൂളുകളുമായി ലയിപ്പിക്കും. അധ്യാപകരെയും വിദ്യര്‍ത്ഥികളെയും സെക്കന്‍ഡറി സ്കൂളുകളിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ പത്താം തരം കടക്കാത്തതും 10 ശതമാനത്തില്‍ കൂടുതല്‍ വിജയശതമാനമില്ലാത്തതുമായ 102 സ്കൂളുകളും അടച്ചു പൂട്ടലിന്റെ വക്കിലാണ്.
30ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമുള്ള 800 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടുന്നതിനുള്ള പദ്ധതികളുളളതായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
നാലു ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 56.49 ശതമാനമായിരുന്നു ഈ വര്‍ഷത്തെ വിജയ ശതമാനം. 2018ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് 2021ല്‍ പരീക്ഷ നടത്തിയിരുന്നില്ല. മുന്‍ പരീക്ഷകളിലെ കുട്ടികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഫലം പ്രഖ്യാപിച്ചത്.
93.10 ആയിരുന്നു വിജയ ശതമാനം.സ്കൂളുകള്‍ പൂട്ടുന്നതിനെതിരെ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് രംഗത്തെത്തി.
‘സ്കൂളുകള്‍ അടച്ചു പൂട്ടുന്നതല്ല പരിഹാരം. രാജ്യത്തുടനീളം പുതിയ സ്കൂളുകള്‍ ആരംഭിക്കുകയാണ് വേണ്ടത്. അടച്ചു പൂട്ടുന്നതിന് പകരം സ്കൂളുകളുടെ നിലവാരമുയര്‍ത്തുകയും കൃത്യമായി വിദ്യാഭ്യാസം നല്‍കുകയുമാണ് വേണ്ടത്’, എന്ന് അരവിന്ദ് കെജ്രിവാള് ട്വീറ്റ് ചെയ്തു