ന്യൂഡല്ഹി: ബിഹാറിലെ അനാഥാലയത്തില് നടന്ന പീഡനത്തെക്കുറിച്ച് പുറത്തു വരുന്ന കഥകള് ഞെട്ടിക്കുന്നത്. മുസാഫര്പുര് ജില്ലയിലെ അനാഥാലയ നടത്തിപ്പുകാരുടെ പേരില് സിബിഐ. കേസ് രജിസ്റ്റര് ചെയ്തു. സേവാ സങ്കല്പ്പ് വികാസ് സമിതിയുടെയാണ് അനാഥാലയം. പീഡനത്തില്നിന്നു രക്ഷപ്പെടാന് കുട്ടികള് സ്വയം മുറിവേല്പ്പിച്ചതായുള്ള റിപ്പോര്ട്ടും അന്വേഷണത്തിനിടെ പുറത്തുവന്നിട്ടുണ്ട്.
കുട്ടികളെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചവരില് അനാഥാലയത്തിലെ ജീവനക്കാരുമുണ്ട്. സോഷ്യല് ഓഡിറ്റിന്റെ ഭാഗമായി ബിഹാര് സോഷ്യല് വെല്ഫെയര് ഡിപ്പാര്ട്ട്മെന്റ് നടത്തിയ പരിശോധനയിലാണു പീഡനക്കഥകള് പുറത്തുവന്നത്. അന്തേവാസികളായ പെണ്കുട്ടികള് പീഡനത്തെക്കുറിച്ചുള്ള പരാതി ഓഡിറ്റ് റിപ്പോര്ട്ടില് പരാമര്ശിച്ചിരുന്നു. സോഷ്യല് വെല്ഫെയര് ഡിപ്പാര്ട്ട്മെന്റ് പരാതി നല്കിയതോടെ പെണ്കുട്ടികളെ പട്നയിലെയും മധുബാനിയിലെയും വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റി. സേവാ സങ്കല്പ്പ് വികാസ് സമിതി അധ്യക്ഷന് ബ്രിജേഷ് ഠാക്കൂര് അടക്കമുള്ളവര് പോലീസ് കസ്റ്റഡിയിലാണ്. ഏഴിനും പതിനെട്ടിനും ഇടയില് പ്രായമുള്ള, സംസാരശേഷിയില്ലാത്ത പെണ്കുട്ടികള്പോലും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. ആകെ 34 കുട്ടികളാണു പീഡനത്തിനിരയായത്
മയക്കുമരുന്ന് കലര്ത്തിയ ഭക്ഷണമാണ് തങ്ങള്ക്ക് തന്നുകൊണ്ടിരുന്നതെന്ന് കുട്ടികള് പോസ്കോ കോടതിയെ അറിയിച്ചു. ഭക്ഷണശേഷം മയക്കം അനുഭവപ്പെടുന്ന കുട്ടികളെ പൂര്ണ നഗ്നരാക്കിയാണു മിക്ക ദിവസവും കിടത്തിയിരുന്നത്. ഊഴമനുസരിച്ച് ഓരോരുത്തരെയും ഓരോ മുറിയിലേക്ക് പറഞ്ഞയയ്ക്കുന്ന പതിവുമുണ്ടായിരുന്നു. രാവിലെ ”എഴുന്നേല്ക്കുമ്പോള് മിക്ക ദിവസവും ശരീരത്തിലെ വസ്ത്രങ്ങള് ഊരിമാറ്റിയ നിലയിലായിരിക്കും. ദേഹമാകെ വല്ലാത്ത നീറ്റലും” പത്തുവയസുകാരിയായ പെണ്കുട്ടി കോടതിയില് വെളിപ്പെടുത്തി.
എതിര്ത്താല് അതിക്രൂരമായ പീഡനമാകും ഉണ്ടാകുക. അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരാണ് ഇതിനു നേതൃത്വം നല്കുക. ‘തിളച്ച വെള്ളവും എണ്ണയും ദേഹത്തൊഴിച്ച് പൊള്ളിക്കും. വയറ്റില് തൊഴിക്കും. വസ്ത്രങ്ങളഴിച്ചുമാറ്റി അതിക്രൂരമായി മര്ദിക്കും’ മറ്റൊരു പെണ്കുട്ടി കോടതിയില് വെളിപ്പെടുത്തി. ലൈംഗിക പീഡനത്തില്നിന്നു രക്ഷപ്പെടാന് പൊട്ടിയ കുപ്പിച്ചില്ലുകള് ഉപയോഗിച്ച് ദേഹത്ത് മുറിവുണ്ടാക്കിയെന്നായിരുന്നു ഒരു കുട്ടിയുടെ തുറന്നു പറച്ചില്. അഭയകേന്ദ്രത്തില്നിന്ന് പെണ്കുട്ടികളുടെ കരച്ചില് പതിവായി കേള്ക്കാറുണ്ടായിരുന്നെന്നു പേരുവെളിപ്പെടുത്താത്ത, സമീപവാസിയായ സ്ത്രീ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.
സംഭവത്തില് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്ന്നതിനെത്തുടര്ന്നാണ് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു പെണ്കുട്ടിയെ ജീവനക്കാര് തന്നെ കൊന്നു കുഴിച്ചുമൂടിയതായി മറ്റ് അന്തേവാസികള് മൊഴി നല്കിയിരുന്നു. ഈ മൊഴിയും അന്വേഷണ പരിധിയില് ഉള്പ്പെടുത്തി. എന്നാല്, മൃതദേഹത്തിനായുള്ള അന്വേഷണം വിജയം കണ്ടിട്ടില്ല. 2013 ഒക്ടോബറിലാണ് ബിഹാര് സമൂഹിക ക്ഷേമ വകുപ്പ് ഈ അഭയകേന്ദ്രത്തിന്റെ നടത്തിപ്പ് ബ്രജേഷ് താക്കൂറിന്റെ എന്.ജി.ഒയ്ക്കു കൈമാറിയത്. ഇതിനുശേഷമാണു പീഡനങ്ങള് തുടങ്ങിയതെന്നാണു വിവരം.