ന്യൂഡൽഹി: 1951 മുതൽ രാജ്യത്ത് ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 35 പേർ. ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപിക്കാരനാണ് മുകേഷ് ദലാൽ. ഇത്തവണ അരുണാചൽപ്രദേശ് നിയമസഭയിലേക്ക് പത്തു ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2012ൽ സമാജ്വാദി പാർട്ടിയിലെ ഡിംപിൾ യാദവ് കനൗജ് മണ്ഡലത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭർത്താവ് അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലായിരുന്നു ഡിംപിൾ തെരഞ്ഞെടുക്കപ്പെട്ടത്.
വൈ.ബി. ചവാൻ, ഫാറൂഖ് അബ്ദുള്ള, ഹരേ കൃഷ്ണ മഹ്താബ്, ടി.ടി. കൃഷ്ണമാചാരി, പി.എം. സയീദ്, എസ്.സി. ജാമീർ തുടങ്ങിയ പ്രമുഖർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എതിരില്ലാതെ ലോക്സഭയിലെത്തിയവരിൽ കോൺഗ്രസുകാരാണു മുന്നിൽ. സിക്കിം, ശ്രീനഗർ മണ്ഡലങ്ങളിൽനിന്ന് രണ്ടു തവണ സ്ഥാനാർഥികൾ എതിരില്ലാതെ ലോക്സഭയിലെത്തിയിട്ടുണ്ട്.
ഒമ്പത് തവണ ഉപതെരഞ്ഞെടുപ്പിലാണ് എതിരില്ലാത്ത വിജയമുണ്ടായിട്ടുള്ളത്. 1957ൽ ഏഴു പേരും 1951ലും 1967ലും അഞ്ചു പേർ വീതവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1989നു ശേഷം ആദ്യമായാണു പൊതുതെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്.