ചണ്ഡിഗഡ്: എന്നെങ്കിലുമൊരിക്കൽ മടങ്ങിവരുമെന്നു പ്രതീക്ഷിച്ചിരുന്നവർ ഓർമ മാത്രമായെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇപ്പോഴും ഈ കുടുംബങ്ങൾക്കു കഴിയുന്നില്ല. ഇറാക്കിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തടവിലാക്കിയ 39 ഇന്ത്യൻ തൊഴിലാളികളും കൊല്ലപ്പെട്ടുവെന്ന വിവരം ടെലിവിഷനിലൂടെ അറിയേണ്ട ഗതികേടും കുടുംബങ്ങൾക്കുണ്ടായി.
39 പേരും ജീവനോടെയുണ്ടെന്നു പറഞ്ഞവർ പൊടുന്നനെ എല്ലാവരും കൊല്ലപ്പെട്ടുവെന്നു പറയുന്നതെന്തുകൊണ്ടാണെന്നും ബന്ധുക്കൾ ചോദിക്കുന്നു.
കാണാതായവരെക്കുറിച്ചു വിവരം ലഭിച്ചില്ലെങ്കിൽ അതു ബന്ധുക്കളോടു നേരിട്ടു പറയാനുള്ള ബാധ്യത സർക്കാരിനുണ്ടായിരുന്നുവെന്ന് മരിച്ച പഞ്ചാബ് സ്വദേശി നിഷാന്റെ സഹോദരൻ സർവാൻ പറഞ്ഞു. 2014 ജൂൺ 21നാണ് സഹോദരന്റെ ശബ്ദം അവസാനമായി ഫോണിൽ കേട്ടത്.
എന്നെങ്കിലും ജീവനോടെ കാണാമെന്നു കരുതിയിരുന്നു. നാലു വർഷത്തെ പ്രതീക്ഷയാണ് പെട്ടെന്നൊരു ദിവസം ഇല്ലാതായത്. ഇതു സർക്കാരിന്റെ പരാജയമാണ്- ദുഃഖത്തോടെ സർവാൻ കൂട്ടിച്ചേർത്തു.
ഇറാക്കിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പഞ്ചാബ് സ്വദേശികളാണ്. ഇറാക്കിൽ കുടുങ്ങിയ കേരളത്തിലെ നഴ്സുമാരെ രക്ഷിക്കാൻ സർക്കാരിനു കഴിയുമെങ്കിൽ തന്റെ കുഞ്ഞനുജനെ രക്ഷിക്കാൻ പറ്റാതിരുന്നത് എന്തുകൊണ്ടാണെന്ന് മരിച്ച മജീന്ദർ സിംഗിന്റെ സഹോദരി ഗുർപിന്ദർ കൗർ ചോദിക്കുന്നു. രാജ്യസഭയിൽ മരണവിവരം പ്രഖ്യാപിക്കുന്നതിനു മുന്പ് തങ്ങളെ നേരിട്ട് അറിയിക്കാതിരുന്നതിൽ ഗുർപിന്ദർ പരാതിയും സങ്കടവും പങ്കുവച്ചു.
മരണവിവരം സ്ഥിരീകരിച്ച് കേന്ദ്രത്തിൽനിന്ന് ഇതുവരെ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട ഗോബീന്ദർ സിംഗിന്റെ സഹോദരൻ ദേവീന്ദർ സിംഗ് പറഞ്ഞു. എല്ലാവരും ജീവനോടെയുണ്ടെന്നു പറഞ്ഞ് സർക്കാർ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് മരിച്ച ധർമീന്ദർ കുമാറിന്റെ സഹോദരി ഡിംപിൾജീത് കൗറും പറഞ്ഞു.
എല്ലാ പ്രതീക്ഷകളും ഒറ്റ ദിവസംകൊണ്ട് ഇല്ലാതായി- മരിച്ചവരുടെ ബന്ധുക്കളിൽ ഭൂരിഭാഗത്തിന്റെയും പ്രതികരണം ഇതായിരുന്നു.