പഴകുളം: ജില്ലയിലെ ആദ്യത്തെ 3 ജി അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നു. ഇത് കാരണം സുരക്ഷിതത്വമില്ലാത്ത വാടക മുറിയിലിരുന്ന് പഠിക്കേണ്ട ഗതികേടിലാണ് കുട്ടികൾ. പള്ളിക്കൽ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ജില്ലയിലെ തന്നെ ആദ്യത്തെ 3 ജി അങ്കണവാടി കെട്ടിടം പണിപൂർത്തീകരിച്ചത്. 2017 സെപ്റ്റംബറിൽ തന്നെ ഉദ്ഘാടനം നടത്തുമെന്നറിയിച്ചിരുന്നെങ്കിലും ഒരുവർഷമായിട്ടും നടന്നില്ല . കെട്ടിടം നശിക്കാൻ തുടങ്ങിയത് മിച്ചം.
ആറു വയസുവരെയുള്ള കുട്ടികൾക്ക് പഠന, കൗമാരക്കാരായകുട്ടികൾക്ക് കൗൺസിലിംഗ് സെന്റർ, വയോധികർക്ക് ആരോഗ്യപരിപാലനകേന്ദ്രം. ഇങ്ങനെ മൂന്ന് തലമുറകൾക്ക് ഒരു കുടക്കീഴിൽ പരിചരണമൊരുക്കുന്നതിനാലാണ് 3 ജി അങ്കണവാടി എന്ന് അറിയപ്പെടുന്നത്.
ഒരു നിയോജകമണ്ഡലത്തിൽ ഒരെണ്ണം വീതം നിർമിക്കാനാണ് സർക്കാർ ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടത്. ജില്ലയിൽ മറ്റെങ്ങും പണി ആരംഭിച്ചിട്ടില്ല. തെങ്ങുംതാര വാർഡിലെ കടമാൻകുളം 96-ാം നന്പർ അങ്കണവാടിയാണ് ത്രീ ജി ആക്കിയത്. ഒരുമാസം മുതൽ മൂന്ന് വയസു വരെയുള്ള കുട്ടികൾക്ക് പ്രത്യേക പരിചരണവും നൽകും.
ആധുനിക സൗകര്യങ്ങളാണ് മൂന്ന് മുതൽ ആറു വയസ് വരെയുള്ള കുഞ്ഞുങ്ങൾക്കായി ഇവിടെ ഒരുക്കാൻ ലക്ഷ്യമിട്ടത്. വയോധികർക്ക് പകൽവീടായി ഇത് പ്രയോജനപ്പെടുത്താം. ടിവി കാണുന്നതിനും പത്രം വായിക്കുന്നതിനും സൗകര്യം.
നല്ല ആശയങ്ങളുള്ള ഒരുപദ്ധതിയെന്ന നിലയിൽ കല്ലുതുണ്ടിൽ ശശിധരൻനായരാണ് പത്ത് സെന്റഅ സ്ഥലം സംഭാവന ചെയ്തത്. വഴിക്കാവശ്യമായ രണ്ട് സെന്റ് സ്ഥലം ബിജുഭവനത്തിൽ ബിജുകുമാറും സംഭാവന ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടും സാമൂഹ്യനീതിവകുപ്പിന്റെ സാമ്പത്തിക സഹായവും ചേർന്ന് 24 ലക്ഷം രൂപയ്ക്കാണ് കെട്ടിടം പണി പൂർത്തീകരിച്ചത്.
വയറിംഗ്, ചുറ്റുമതിൽ, ഫർണീച്ചർ എന്നിവയ്ക്കായി 856000 രൂപ ഗ്രാമപഞ്ചായത്തും അനുവദിച്ചു. ഏതായാലും ഉദ്ഘാടനത്തിന് മന്ത്രി എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.