തിരുവനന്തപുരം: വീടുവിട്ടിറങ്ങിയ മൂന്നംഗ പെണ് സംഘത്തിലെ ഒരാളുടെ മൃതദേഹം കടലിൽ കണ്ടെത്തി. മറ്റ് രണ്ടു പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം ഇടിവിഴുന്നവിള ക്ഷേത്രത്തിന് സമീപം വട്ടവിള വീട്ടിൽ പരേതനായ സുരേന്ദ്രൻ-ഇന്ദു ദമ്പതികളുടെ മകൾ നിഷ (20) ആണ് മരിച്ചത്. പ്രദേശവാസികളായ ശരണ്യ (20), ഷാരി (17) എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പെണ്‍കുട്ടികളെ കാണാതാകുന്നത്. കാണാതായ രണ്ടു പേർ മരിച്ച നിഷയെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയി എന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
ഇവർ കടൽത്തീരത്ത് എത്തിയെന്ന് കരുതുന്ന സ്കൂട്ടർ സംഭവ സ്ഥലത്തിന് സമീപം കണ്ടെത്തി. ഇവരുടെ മൊബൈൽ ഫോണുകളും ചെരുപ്പുകളും ഉപേക്ഷിച്ച നിലയിൽ സ്ഥലത്തു നിന്നും കണ്ടെടുത്തു.
കാണാതായ ഷാരു കോട്ടുകാൽ വിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയും മരിച്ച നിഷയും കാണാതായ ശരണ്യയും തമിഴ്നാട്ടിൽ ബിബിഎ വിദ്യാർഥിനികളുമാണ്.
നിഷയുടെ മൃതദേഹം രാത്രിയോടെ അടിമലത്തുറ ഭാഗത്തെ കടലിൽ നിന്നാണ് കണ്ടെത്തിയത്. പിന്നീട് പുലർച്ചെ രണ്ടു വരെ മറ്റ് രണ്ടു പേർക്കായി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നും തെരച്ചിൽ തുടരുകയാണ്.