കുന്നംകുളം: കാൽനടക്കാർക്കും വാഹനം ഓടിക്കുന്നവർക്കും കൂടുതൽ ഉപകാരപ്രദമാകുന്ന വിധം കുന്നംകുളത്ത് ആദ്യമായി ത്രിമാന സീബ്രാലൈൻ സ്ഥാപിച്ചു. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ തൃശൂർ റോഡിൽ ബസ് സ്റ്റാന്റിനു മുന്നിലാണ് ത്രിമാന സീബ്രാലൈൻ വരച്ചിട്ടുള്ളത്. സംസ്ഥാന തലത്തിൽ ഇത്തരത്തിൽ സീബ്രാലൈൻ വരക്കുന്നത് മൂന്നാമത്തേതാണ്.
കുന്നംകുളം സിഐ കെ.ജി സുരേഷ് പ്രത്യേക താല്പര്യമെടുത്താണ് നഗരസഭയുടേയും ചേംബർ ഓഫ് കോമേഴ്സിന്റെയും സഹകരണത്തോടെ ത്രി ഡി സീബ്രാലൈൻ സ്ഥാപിച്ചത്. നഗരത്തിൽ പ്രധാനപ്പെട്ട വണ്വേ റോഡും കൂടിയാണ് ഇത്. പൊതുജനങ്ങൾക്ക് സീബ്രാ ലൈനിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ത്രിമാന രീതിയിൽ ഇത് വരച്ചത് രാത്രി കാലങ്ങളിൽ റിഫ്ലക്റ്റ് ചെയ്യും. സീബ്രാലൈൻ ഉയർന്നു നില്ക്കുന്നതു പോലെ തോന്നുന്പോൾ വാഹനങ്ങളുടെ വേഗതയും നിയന്ത്രണ വിധേയമാക്കും.
കണ്ണൂർ പിണറായി മന്പറം സ്വദേശി വിനോദ് മുദ്രയാണ് ഇത്തരത്തിൽ സീബ്രാ ലൈൻ ത്രിമാന ആകൃതിയിൽ രൂപകല്പന ചെയ്യുന്നത്. കണ്ണൂർ കണവം പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറ്റാരിപറന്പ് ഹയർ സെക്കന്ററി സ്കൂൾ, മൊകേരി ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ മാത്രമാണ് ഈ രീതിയിൽ ത്രിമാന സീബ്രാലൈൻ ഇതിനു മുന്പ് വരച്ചിട്ടുള്ളത്.
കുന്നംകുളത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ആദ്യം സീബ്രാലൈൻ വരച്ചത്. വരച്ചതിൽ ഏറ്റവും നീളം കൂടിയ ലൈനും ഇത് തന്നെയാണ്. 22 അടി വീതിയുള്ള റോഡിലാണ് വരച്ചിട്ടുള്ളത്. റോഡിൽ എഴുതാൻ ഉപയോഗിക്കുന്ന പെയ്ന്റു കൊണ്ടാണ് വരക്കുന്നത്.