തിരുവനന്തപുരം: അടുത്ത അധ്യയന വർഷം സംസ്ഥാനത്തെ കോളജുകളിൽ നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമ്പോൾ ഉണ്ടാവുന്ന വർക്ക് ലോഡ് സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കുമെന്ന് അധ്യാപകർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് .
ധനകാര്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കും. നാലുവർഷ ബിരുദകോഴ്സ് ആരംഭിക്കുന്നതിനു മുന്നോടിയായി വിവിധ അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഇക്കാര്യം അറിയിച്ചത്.
നാലുവർഷ ബിരുദകോഴ്സുകൾ ആരംഭിക്കുമ്പോൾ കോളജ് പ്രിൻസിപ്പൽമാരുടെയും അസോസിയേറ്റ് പ്രഫസർമാരുടെയും പ്രഫസർമാരുടേയും പ്രവർത്തനങ്ങൾ സംബന്ധിച്ച് യുജിസി റെഗുലേഷൻ അനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളും.
കോഴ്സ് ആരംഭിക്കുന്നതിനു മുന്പായി കൃത്യമായ ട്രെയിനിംഗുകൾ വേണമെന്ന ആവശ്യം പ്രതിപക്ഷ അധ്യാപക സംഘടനകൾ മുന്നോട്ടുവച്ചു. വർക്ക് ലോഡ് സംബന്ധിച്ച് അടുത്ത നാലു വർഷത്തേയ്ക്ക് നിലവിലുള്ള വർക്ക് ലോഡ് സംരക്ഷിച്ചുപോകുമെന്നു മന്ത്രി യോഗത്തിൽ ഉറപ്പു നല്കിയതായും ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഇറങ്ങുമെന്നു മന്ത്രി അറിയിച്ചതായും അധ്യാപക സംഘടനാ ഭാരവാഹികൾ പറഞ്ഞു,.
നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച് അനധ്യാപക ജീവനക്കാർക്കായി പ്രത്യേക പരിശീലനപരിപാടി ഒരുക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.