ചാലക്കുടി: കലാഭവൻ മണിയുടെ നാലാം ചരമവാർഷികം ഇന്ന് ആചരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കലാഭവൻ മണിയുടെ നൂറുകണക്കിന് ആരാധകരാണ് ചാലക്കുടിയിലുള്ള മണിയുടെ സ്മൃതി മണ്ഡപത്തിലെത്തി അന്ത്യോപചാരമർപ്പിക്കുന്നത്.
ഇന്നു രാവിലെ മണിയുടെ വസതിയോട് ചേർന്നുള്ള സ്മൃതി മണ്ഡപത്തിൽ നഗരസഭാ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍ കുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, കലാഭവൻ മണി ട്രസ്റ്റ് ചെയർമാൻ അഡ്വ. കെ.പി.സുനിൽകുമാർ, സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജി സദാനന്ദൻ, പി.എം.ശ്രീധരൻ, യു.വി.മാർട്ടിൻ, കൗണ്‍സിലർമാരായ മേരി നളൻ, ഉഷ സ്റ്റാലിൻ, സുലേഖ ശങ്കരൻ, ലൈജി തോമസ് തുടങ്ങിയരും പുഷ്പാർച്ചന നടത്തി.
രാമൻ മെമ്മോറിയൽ കലാഗൃഹത്തിൽ കുന്നിശേരി സ്മാരക ട്രസ്റ്റിന്റെയും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും കലാഭവൻ മണി ഫാമിലി ട്രസ്റ്റിന്റെയും നേതൃത്വത്തിൽ അനുസ്മരണം നടത്തി.
സിഐടിയു ജില്ലാ പ്രസിഡന്റ് എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു.
മണിയുടെ സഹോദരൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കലാഭവൻ മണി ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ കലാഭവൻ മണി പുരസ്കാരം ജില്ലാ ആശുപത്രിയിലെ ഡോ. രാജേഷ് തങ്കപ്പന് സമ്മാനിച്ചു.
പി.കെ. ശിവരാമൻ, ഡോ. എം.എൻ.വിനയകുമാർ, ടി.എ. ജോണി, നഗരസഭാ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ, സിനിമാതാരം ഉഷ, ഇ.സി.സുരേഷ്, സി.ഡി.പോൾസണ്‍, കെ.ഐ. അജിതൻ, വാസുദേവൻ പനന്പിള്ളി, ടി.എം.മനുലാൽ, കവി സോബിൻ മഴവീട്, കലാഭവൻ ജയൻ, സുധീഷ് ചാലക്കുടി എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി സൗത്ത ജംഗ്ഷനിൽ ഓട്ടോറിക്ഷ തൊഴിലാളികൾ മണിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ആയിരം പേർക്ക് കഞ്ഞി വിതരണം ചെയ്തു.
ഇന്നു വൈകിട്ട് ടൗണ്‍ ഹാൾ മൈതാനിയിൽ കലാഭവൻ മണി അനുസ്മരണ ചടങ്ങ് നടത്തും. നാടൻ പാട്ട് മത്സരവും നടത്തുന്നുണ്ട്. വ്യവസായ-കായിക മന്ത്രി ഇ.പി.ജയരാജൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.