കുട്ടിക്കളികൾ മുതിർന്നവരും ആസ്വദിക്കാറുണ്ട്. ഈ കുട്ടികളികൾ കൗതുകവും തമാശയും ഒപ്പം തലവേദനയുമാവാറുണ്ട്.
പലപ്പോഴും മാതാപിതാക്കന്മാരുടെ ഫോണിലുള്ള കുട്ടികളുടെ കളിയാണ് പലപ്പോഴും പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നത്. വീഡിയോ ഗെയിം കളിക്കുന്നതിനും മറ്റും മാതാപിതാക്കളുടെ ഫോൺ ഉപയോഗിച്ച് കുട്ടികൾ വൻതുക അയച്ച സംഭവം നേരത്തെയും വാർത്തയായിട്ടുണ്ട്.
ബ്രസീലിൽ നിന്നുള്ള ഒരു കുട്ടിയുടെ വികൃതിയാണ് ഇപ്പോൾ ഇൻസ്റ്റഗ്രമിലെ ചർച്ച. അമ്മയുടെ ഫോണ് ഉപയോഗിച്ച് ഒാൺലൈനിൽക്കൂടി 400 ബ്രസീലിയന് റീല്സിനുള്ള (ഏകദേശം 5,500 രൂപ) ഫാസ്റ്റ് ഫുഡാണ് ഇവന് വാങ്ങിയത്.
അമ്മ റൈസ വാന്ഡേര്ലി തന്നെയാണ് നാലു വയസുകാരൻ ടോം വാങ്ങിയ സാധനങ്ങള് നിരത്തിവച്ച് ഇരിക്കുന്ന ചിത്രം ഇന്സ്റ്റഗ്രമില് പങ്കുവച്ചത്. ഡെലിവറി ബോയ് വിളിച്ചപ്പോൾ അമ്മ എന്തെങ്കിലും ഒാർഡർ ചെയ്തതാണെന്നാണ് ആദ്യം വിചാരിച്ചത്.
അതുകൊണ്ട് അമ്മയോടാണ് ആദ്യം ചോദിച്ചത്. പക്ഷെ ഭക്ഷണം ഒാർഡർ ചെയ്തിട്ടില്ലെന്ന് അമ്മ പറഞ്ഞതോടെ “പ്രതിയെ’ പിടികിട്ടി.- റൈസ പറയുന്നു.
വാങ്ങിയ ഭക്ഷണത്തിന്റെ നീണ്ട ലിസ്റ്റും അമ്മ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് ഹാംബര്ഗര് മീല്സ്, ആറ് മാക് ഹാപ്പി സ്നാക്സ്, എട്ട് എക്സ്ട്രാ ടോയിസ്, രണ്ട് വലിയ ചിക്കന് നഗട്ട്സ്, ചെറുത് 12 എണ്ണം, ഒരു വലിയ പൊട്ടറ്റോ ചിപ്സ് പായ്ക്ക് വിത്ത് ബേക്കണ്, ചെഡാര്, 10 മില്ക്ക് ഷേക്ക്, രണ്ട് ടോപ്പ് സണ്ഡേ സ്ട്രോബെറി, രണ്ട് ആപ്പിള് ടാര്ട്ട്ലെറ്റ്സ്, രണ്ട് മാക് ഫ്ളറി,കുപ്പി വെള്ളം എട്ട് കുപ്പി, ഒരു ഗ്രേപ്പ് ജ്യൂസ്, രണ്ട് സോസുകള് എന്നിവയാണ് കുട്ടി ഒാർഡർ ചെയ്തത്.
സംഭവം കണ്ടിട്ട് തനിക്ക് ഒരേസമയം കരച്ചിലും ചിരിയും വന്നെന്ന് അമ്മ റൈസ പറയുന്നു. ഭക്ഷണം ഒാർഡർ ചെയ്തിട്ട് പിന്നെ എന്തു ചെയ്യും? കുട്ടിയോടൊപ്പമിരുന്ന് അതെല്ലാം കഴിച്ചു.
ഒരു ലക്ഷത്തിലധികം ആളുകളാണ് റൈസയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. ഇത് ആദ്യത്തെ തവണയല്ലെന്നും ടോമിന്റെ ഇത്തരത്തിലുള്ള കുസൃതിയെന്നും അമ്മകുറിച്ചിട്ടുണ്ട്.