വെറും നാലു വയസ് മാത്രമാണ് ഇവന്റെ പ്രായം. പേര് ഷെയാന് ജമാല്‍. നാലാം വയസില്‍ അണ്ടര്‍ 12 ടീമില്‍ അംഗമായതിന്റെ സന്തോഷത്തിലാണ് ഈ ഡല്ഹിക്കാരന് പയ്യന്. സച്ചിനെ ആരാധിച്ചിരുന്ന ജമാലിന്റെ ഇപ്പോഴത്തെ ഇഷ്ടതാരം വിരാട് കോഹ്ലിയാണ്. എന്താണ് സ്വപ്നമെന്നു ചോദിച്ചാല്‍ കോഹ്ലിയെപ്പോലെ ഒന്നാന്തരമൊരു ക്രിക്കറ്ററാകുകയെന്ന് ചെറിയ വായില്‍ വലിയ ശബ്ദത്തില്‍ പറയും. അനായാസം ഷോട്ടുകള്‍ ഉതിര്‍ക്കാനുള്ള കഴിവാണ് ഷെയാനെ വ്യത്യസ്തനാക്കുന്നത്. യൂട്യൂബില്‍ ഇവന്റെ വീഡിയോ കണ്ടത് ലക്ഷങ്ങളാണ്.
മൂന്നാം വയസില്‍ ടെലിവിഷനില്‍ ആകസ്മികമായി ക്രിക്കറ്റ് കളി കണ്ടതാണ് ഷെയാന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് ക്രിക്കറ്റ് കളിക്കണമെന്ന് വാശിപിടിച്ച ഈ ബാലന് ഇപ്പോള്‍ ലക്ഷണമൊത്തൊരു ക്രിക്കറ്റ് താരമായി മാറിയിരിക്കുകയാണ്. കെജി വിദ്യാര്‍ഥിയായ ഈ കൊച്ചു മിടുക്കന്റെ ബാഗില്‍ ഒരു പന്ത് എപ്പോഴും കാണുമെന്ന് മുന്‍ ക്രിക്കറ്റര്‍ കൂടിയായ പിതാവ് അര്‍ഷദ് ജമാല്‍ പറയുന്നു. ഷെയാനെ രാവിലെയും വൈകുന്നേരവും അടുത്തുള്ള അക്കാദമിയില്‍ പരിശീലനത്തിനെത്തിക്കുന്നതും അച്ഛന് തന്നെ. ഒരു ദിവസം ഇന്ത്യന്‍ പാതകയ്ക്കു കീഴെ രാജ്യത്തെ പ്രതിനിധീകരിച്ച് മകന് കളിക്കാനിറങ്ങുന്നത് സ്വപ്നം കാണുകയാണ് ഈ പിതാവ്. ഒപ്പം നാലു വയസുകാരന് ഷെയാനും.