അഗര്‍ത്തല: വിവാഹേതരബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ച ദിവസം തന്നെ വിവാഹേതര ബന്ധം ആരോപിച്ച് നാല്പതുകാരിയ്ക്ക് നാട്ടുകാരുടെ വക ക്രൂരമര്‍ദ്ദനം. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് 40-കാരിയെ ആള്‍ക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും പ്രദേശവാസിയായ രഞ്ജിത്ദാസും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം.
ഗ്രാമത്തിലെ വയലില്‍ ജോലിചെയ്തിരുന്ന ഇവരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. മര്‍ദ്ദിച്ചവശയാക്കി വയലില്‍നിന്നും വലിച്ചിഴച്ച് കൊണ്ടുപോകുകയും പിന്നീട് മരത്തില്‍ കെട്ടിയിടുകയായിരുന്നു. ഇവിടെവെച്ച് സ്ത്രീയുടെ കഴുത്തില്‍ ചെരിപ്പുമാല അണിയിക്കുകയും വീണ്ടും അക്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷപ്പെടുത്തിയത്. അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും, ആക്രമണം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഗോമതി എസ്.പി നബദീപ് ജമാട്ടിയ പറഞ്ഞു.
അതേസമയം, സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന് പറയുന്ന രഞ്ജിത്ദാസിനെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് രഞ്ജിത്ദാസിന്റെ ഭാര്യ അദ്ദേഹത്തെയും ആരോപണ വിധേയയായ സ്ത്രീയെയും വീട്ടിനുള്ളില്‍വച്ച് കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പോലീസ് അറിയിച്ചു. ഇതേചൊല്ലി രഞ്ജിത്ദാസും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയും ഇരുവരും തമ്മില്‍ കലഹമുണ്ടായി. ഇതിനിടെ രഞ്ജിത്ദാസ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ സംഭവമറിഞ്ഞ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരാണ് കഴിഞ്ഞദിവസം സ്ത്രീയെ ആക്രമിച്ചതെന്നും പോലീസ് അറിയിച്ചു.