മിലാൻ: യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിൽനിന്നായി 400 ഗോൾ എന്ന ചരിത്രനേട്ടത്തിൽ പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ സീരി എയിൽ ജെനോവയ്ക്കെതിരായ മത്സരത്തിലാണ് റൊണാൾഡോ ചരിത്രനേട്ടം സ്വന്തമാക്കിയത്. യുവന്റസിനായി റൊണാൾഡോയുടെ അഞ്ചാം ഗോളായിരുന്നു മത്സരത്തിന്റെ 18-ാം മിനിറ്റിൽ പിറന്നത്.
400 ഗോളെന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യതാരമാണ് റൊണാൾഡോ. റൊണാൾഡോയുടെ നേട്ടത്തിനു തൊട്ടുപുറകിൽ മെസിയുണ്ട്, 390 ഗോളുകളാണ് താരം ഇതു വരെ ലീഗിൽ സ്വന്തമാക്കിയത്.
പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗ് എസ്പിയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ റൊണാൾഡോ 84 ഗോളുകൾ പ്രീമിയർ ലീഗിൽ നേടി. തുടർന്ന് റയൽ മാഡ്രിഡിലെത്തിയ താരം ലാലിഗയിൽ 311 ഗോളുകൾ സ്വന്തമാക്കി.
റൊണാൾഡോ ഗോൾ നേടിയെങ്കിലും മത്സരത്തിൽ ജെനോവയ്ക്കെതിരേ യുവന്റസ് സമനില വഴങ്ങി. ഈ സീസണിൽ ആദ്യമായാണ് യുവന്റസ് ജയം നേടാതിരിക്കുന്നത്. ബെസ (67-ാംമിനിറ്റ്) ജെനോവയുടെ സമനില ഗോൾ സ്വന്തമാക്കി.
മറ്റു മത്സരങ്ങളിൽ നാപ്പോളി 3-0ന് ഉഡിനെസിനെയും എസ്പിഎഎൽ 2-0ന് എഎസ് റോമയെയും കീഴടക്കി. ലീഗിൽ ഒന്പതു മത്സരങ്ങളിൽനിന്ന് 25 പോയിന്റുമായി യുവന്റസ് ഒന്നാമതും 21 പോയിന്റുമായി നാപോളി രണ്ടാമതുമാണ്.