അമേരിക്കയിലെ ഡാളാസിലുള്ള ബെയ്ലർ സ്കോട്ട് ആൻഡ് വൈറ്റ് ഓൾ സെയ്ന്റ്സ് മെഡിക്കൽ സെന്റർ അപൂർവമായ ഒരു റിക്കാർഡിനാണ് കഴിഞ്ഞ ദിവസം വേദിയായത്.
കഴിഞ്ഞ 41 മണിക്കൂറിനുള്ളിൽ ഇവിടെ ജനിച്ചത് 48 കുഞ്ഞുങ്ങൾ. സാധാരണ ശരാശരി ഒരു ദിവസം ഈ ആശുപത്രിയിൽ ജനിക്കുന്നത്ര കുഞ്ഞുങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഓരോ മണിക്കൂറിലും ജനിച്ചത്.
എന്നാൽ ഈ പ്രതിഭാസത്തിന് പ്രത്യേകിച്ചൊരു വിശദീകരണവും നൽകാനില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇത്രയധികം പ്രസവങ്ങൾ നടക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്നതുകൊണ്ട് ആവശ്യമായ മുൻകരുതലുകൾ നേരത്തെതന്നെ ആശുപത്രി അധികൃതർ എടുത്തിരുന്നു.
കൂടുതൽ ലേബർ റൂമുകൾ തയാറാക്കുകയും ലീവിലുള്ള നഴ്സുമാരെ തിരികെ വിളിക്കുകയും ചെയ്തു. തങ്ങൾ ഒരു റിക്കാർഡിന്റെ ഭാഗമാവുകയാണെന്ന് ഇവിടെ പ്രസവത്തിനെത്തിയ സ്ത്രീകളാരും അറിഞ്ഞിരുന്നില്ല. ആശുപത്രിയിലെ ജീവനക്കാരെല്ലാം വളരെ ശാന്തരായിരുന്നെന്ന് ഇവർ പറയുന്നു.