കഴിഞ്ഞ 42 വര്‍ഷമായി നിര്‍മാണത്തിലിരുന്ന കനാല്‍ പണിപൂര്ത്തിയായതിനെത്തുടര്ന്ന് ഉദ്ഘാടനം ചെയ്തെങ്കിലും 24 മണിക്കൂറിനുള്ളില്‍ തകര്‍ന്നു വീണു. ഝാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവം. കോണാര്‍ നദി ജലസേചന പദ്ധതിയുടെ ഭാഗമായി ഗിരിഡിഹ്, ഹസാരിബാഗ്, ബോക്കാറോ ജില്ലകളിലെ 85 ഗ്രാമങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള കനാലായിരുന്നു ഇത്. ബുധനാഴ്ചയാണ് മുഖ്യമന്ത്രി രാഘുബര് ദാസ് കനാല്‍ നാടിന് സമര്‍പ്പിച്ചത്. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍കം കനാലില്‍ വലിയ വിള്ളലുണ്ടാവുകയും തകരുകയായിരുന്നു.
404 കിലോമീറ്റര്‍ നീളമുള്ള കനാല്‍ തകര്‍ന്നതോടെ ഗിരിദ്ധ് ജില്ലയിലെ 35 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിലായി. നിരവധി എലിമടകള്‍ ഉള്ളതിനാലാണ് ഇത്തരത്തില്‍ കനാല്‍ തകര്‍ന്നത് എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.പ്രാരംഭഘട്ടത്തില്‍ 12 കോടി രൂപ ബജറ്റ് ഇട്ട് ആരംഭിച്ച് 2,176 കോടി ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതാണ് ഈ കനാല്‍. നേരത്തെ ബിഹാറിന്റെ ഭാഗമായിരുന്ന ജാര്‍ഖണ്ഡിലെ ഈ കനാല്‍ 1978ലാണ് പണി ആരംഭിച്ചത്. പണി നീണ്ടുപോകുകയായിരുന്നു.
2003ല്‍ വീണ്ടും പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടപ്പാക്കിയെങ്കിലും മുന്നോട്ട് പോകാതെ വരികയായിരുന്നു. ഒടുക്കം, 2012-ല്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചാണ് പണി പുനാരംഭിച്ചത്. കനാലിന്റെ അറ്റകുറ്റ പണികള്‍ ആരംഭിച്ചുവെന്നും സംഭവം വിശദമായി അന്വേഷിക്കാന്‍ ഉന്നതതലസമിതിയെ നിയോഗിച്ചെന്നും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അരുണ്‍കുമാര്‍ സിംഗ് പറഞ്ഞു. കനാല്‍ തകര്‍ന്ന് കൃഷി നാശം വന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് ബിജെപി എംഎല്‍എ നാഗേന്ദ്ര മഹാതോ പറഞ്ഞു.